SignIn
Kerala Kaumudi Online
Monday, 01 June 2026 9.53 PM IST

'മുഖ്യമന്ത്രിയല്ല, മുഖ്യസേവകന്‍'; പ്രധാന എതിരാളികള്‍ ഡിഎംകെയെന്ന് വിജയ്

READ ENGLISH VERSION
vijay

തൃച്ചി: താന്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും അവരുടെ മുഖ്യസേവകനാണെന്നും വിജയ്. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യത്തെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃച്ചിയില്‍ നടന്ന ബഹുജന റാലി, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ടിവികെ പ്രവര്‍ത്തകരില്‍ ആവേശം വിതറുന്നതായിരുന്നു വിജയ് പങ്കെടുത്ത പരിപാടി. തന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം നടക്കുന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം പൂര്‍ണമായും തള്ളിക്കളഞ്ഞു.


താന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴ് ജനതയുടെ 'മുഖ്യ സേവകന്‍' ആണെന്ന് വിജയ് സ്വയം വിശേഷിപ്പിച്ചു. 1977-ല്‍ എം.ജി.ആര്‍. പോലും നേടാത്ത വോട്ട് വിഹിതമാണ് 2026-ല്‍ തമിഴ് ജനത ടിവികെക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പെരിയാര്‍, അണ്ണാ, എം.ജി.ആര്‍. എന്നിവരുടെ പാത പിന്തുടരുന്ന ഒരു സാധാരണക്കാരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി മറന്നില്ല.


സംസ്ഥാനത്ത് മാറി മാറി അധികാരം കയ്യാളിയിരുന്ന ഡിഎംകെയും എഐഎഡിഎംകെയും ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്നും വിജയ് പറഞ്ഞു. പണമോ സ്വാധീനമോ ഉപയോഗിച്ച് തന്നെ തടയാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തിരസ്‌കരിച്ചവരാണ് തനിക്കെതിരെ ഇപ്പോള്‍ ബഹളം വെക്കുന്നതെന്നും ടിവികെ ഭരണം വന്നാല്‍ തങ്ങളുടെ കൊള്ളയടിക്കല്‍ അവസാനിക്കുമെന്ന് ഭയന്നാണ് പഴയ ശക്തികള്‍ തനിക്കെതിരെ ഒന്നിക്കുന്നതെന്നും വിജയ് പരിഹസിച്ചു.


കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കുന്നതായിരിക്കും തന്റെ സര്‍ക്കാരെന്നും വിജയ് പറഞ്ഞു. കര്‍ഷകരുടെ കടം എഴുതിതള്ളുന്നതിനും പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നതിനും തന്റെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാത്ത സര്‍ക്കാര്‍ കെട്ടിപ്പടുക്കുകയെന്നതാണ് ടിവികെയുടെ ലക്ഷ്യമെന്നും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TAMILNADU, TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360