
ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളായ ഇന്ത്യൻ പീനൽ കോഡ്(ഐപിസി) ക്രിമിനൽ നടപടി ചട്ടം(സിആർപിസി), ഇന്ത്യൻ തെളിവ് നിയമം(ഐഇഎ) എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചു.
ഭാരതീയ ന്യായ സംഹിത 2023, നാഗരിക സുരക്ഷാ സംഹിത 2023, സാക്ഷ്യ ബിൽ 2023 എന്നിവയാണ് പകരം വരുന്നത്. നീതി ഉറപ്പിക്കാനാണ് ക്രിമിനൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് അമിത് ഷാ അറിയിച്ചു.
ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഐ പി സി അടക്കമുള്ള നിയമങ്ങൾ കൊണ്ടുവന്നത്. ശിക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു അത്, അല്ലാതെ നീതി നൽകാനുള്ളതല്ല. ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ് പുതിയ നിയമങ്ങൾ. ശിക്ഷിക്കുകയല്ല, നീതി ലഭ്യമാക്കുക എന്നതായിരിക്കും ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആൾക്കൂട്ടക്കൊലയ്ക്കും വധശിക്ഷ
ആൾക്കൂട്ട കൊലപാതക കേസുകളിൽ വധശിക്ഷ നൽകുന്ന വ്യവസ്ഥയും കേന്ദ്രം കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞു. കൂട്ടബലാത്സംഗത്തിന് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ വധശിക്ഷ എന്നിവയാണ് മറ്റ് ശിക്ഷകൾ.
പുതിയ ബിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ' എന്നിവയ്ക്കുള്ള നിയമങ്ങൾക്കാണ് മുൻഗണന നൽകുന്നത്. രാജ്യദ്രോഹക്കുറ്റത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |