SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.20 PM IST

നിർബന്ധിത തൊഴിൽ ചൂഷണം: ഇന്ത്യ ഉൾപ്പെടെ അറുപത് രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്ക

donald-trump

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% മുതൽ 12.5% വരെ അധിക നികുതി ചുമത്താനൊരുങ്ങി അമേരിക്ക. ഈ രാജ്യങ്ങളിൽ അന്യായമായ വ്യാപാര രീതികളുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റപ്രസന്റേറ്റീവ് ഓഫീസ് (യു‌എസ്‌ടിആർ) ആരോപിച്ചു.

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബാധിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം മുതൽ 12.5 ശതമാനം വരെ അധിക നികുതി ചുമത്തണമെന്നാണ് നിർദ്ദേശം. ഒരു ഉഭയകക്ഷി വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യുഎസിലെയും ഇന്ത്യയിലെയും ഉന്നത വ്യാപാര ഉദ്യോഗസ്ഥർ ഡൽഹിയിൽ മൂന്ന് ദിവസത്തെ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം

വകുപ്പ് 301 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് യു‌എസ്‌ടിആർ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിനോ ഫലപ്രദമായി പ്രതിരോധിക്കുന്നതിനോ ഈ രാജ്യങ്ങൾ മതിയായ നടപടി സ്വീകരിച്ചില്ല എന്നാണ് യുഎസിന്റെ വിലയിരുത്തൽ.

ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ബ്രസീൽ, ജപ്പാൻ, യുകെ, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങി 54 രാജ്യങ്ങളാണ് നിർബന്ധിത തൊഴിൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഫലപ്രദമായി തടയുന്നതിൽ പരാജയപ്പെട്ടതെന്ന് യുഎസ് വ്യക്തമാക്കി. കാനഡ, യൂറോപ്യൻ യൂണിയൻ, പാകിസ്ഥാൻ, ഇക്വഡോർ, ഇന്തോനേഷ്യ, മെക്സിക്കോ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങൾ ഈ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായും യു‌എസ്‌ടിആർ അറിയിച്ചു.

നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിൽ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികൾ പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇത് അമേരിക്കൻ തൊഴിലാളികൾക്ക് ആഗോളതലത്തിൽ തുല്യതയില്ലാത്ത ഒരു വിപണിയിൽ മത്സരിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് യുഎസ് അംബാസഡർ ജാമിസൺ ഗ്രീർ പറഞ്ഞു.

വിദേശ സർക്കാരുകളുടെ വ്യാപാര രീതികൾ, നയങ്ങൾ, നടപടികൾ എന്നിവ പരിശോധിക്കാൻ യു‌എസ്‌റ്റി‌ആറിന് അധികാരം നൽകുന്ന 1974-ലെ യുഎസ് ട്രേഡ് ആക്ടിന്റെ ഒരു വ്യവസ്ഥയാണ് വകുപ്പ് 301. ഇത്തരം നടപടികൾ അന്യായമാണോ, വിവേചനപരമാണോ അതോ യുഎസ് വ്യാപാരത്തിനും വാണിജ്യ താൽപര്യങ്ങൾക്കും അനാവശ്യ ഭാരമുണ്ടാക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഒരു രാജ്യം യുഎസ് വാണിജ്യത്തിന് ഹാനികരമായ രീതികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഉയർന്ന നികുതി ചുമത്തൽ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഈ വ്യവസ്ഥ യുഎസ് ഭരണകൂടത്തിന് അധികാരം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DONALD TRUMP, AMERICA, INDIA, TARRIFF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360