ന്യൂഡൽഹി: യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയിലെ ചോദ്യപേപ്പറിൽ ഗുരുതര പാകപ്പിഴ. ജൂൺ 30ന് നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറിലാണ് വലിയ രീതിയിലുള്ള അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. തെറ്റായ ചോദ്യങ്ങളുൾപ്പടെ നൽകിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപണം ഉന്നയിച്ചതോടെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ചോദ്യപേപ്പറുകളിലെ അച്ചടിപ്പിശകുകൾ, പ്രമുഖ സമൂഹശാസ്‌ത്രജ്ഞരുടെ പേരുകളിലെ തെറ്റുകൾ, ഹിന്ദി പരിഭാഷയിലെ അപാകതകൾ, വ്യാകരണപ്പിഴവുകൾ എന്നിവ ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചില ചോദ്യങ്ങൾ നിർദ്ദിഷ്‌ട സിലബസിന് പുറത്തായിരുന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷയിലെ ഏകദേശം 67 ചോദ്യങ്ങൾ മുൻ വർഷങ്ങളിലെ യുജിസി-നെറ്റ് പരീക്ഷകളിൽനിന്ന് ആവർത്തിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് പരീക്ഷയുടെ പുതുമയും നിലവാരവും നഷ്‌ടപ്പെടുത്തിയെന്നാണ് വിമർശനം.
'അച്ചടിപ്പിശകുകൾ സാധാരണ സംഭവിക്കാവുന്നതാണ്. മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ പരിശോധന നടക്കുകയാണ്. ഇതുവരെ വിദ്യാർത്ഥികളിൽനിന്ന് നേരിട്ട് പരാതികൾ ലഭിച്ചിട്ടില്ല'- എൻടിഎ പ്രതികരിച്ചു.
അതേസമയം, ജൂൺ 29ന് നടന്ന യുജിസി നെറ്റ് സൈക്കോളജി പരീക്ഷയിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. സിലബസിനോട് പൊരുത്തപ്പെടാത്ത ചോദ്യങ്ങൾ ഉൾപ്പെട്ടതായും ചില പരീക്ഷാകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ കുറവായിരുന്നെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷാ പ്രക്രിയയുടെ നിലവാരവും ചോദ്യനിർമാണ രീതിയും ശക്തമായി വിലയിരുത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനെ ഇതെങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തവന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |