SignIn
Kerala Kaumudi Online
Thursday, 05 November 2026 1.50 PM IST

'ഇന്ന് പോട്ടസ്, നാളെ ലോട്ടസ്'; അമേരിക്കയിൽ ട്രംപിനുണ്ടായ തിരിച്ചടിയിൽ മോദിക്ക് പരിഹാസം

narendra-modi
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തിയതോടെ ഇന്ത്യൻ രാഷ്‌ട്രീയത്തിലും ചർച്ചകൾ സജീവം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുണ്ടായ രാഷ്‌ട്രീയ തിരിച്ചടി ഇന്ത്യയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഭവിക്കുമെന്ന വിലയിരുത്തലുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ലോകമെമ്പാടുമുള്ള വലതുപക്ഷ ശക്തികൾക്കുള്ള തിരിച്ചടിയുടെ സൂചനയാണെന്ന് കോൺഗ്രസ്, ശിവസേന, എഐഎംഐഎം നേതാക്കൾ പ്രതികരിച്ചു.

'അമേരിക്കയിൽ ട്രംപിന് എന്തുകൊണ്ടാണ് ഈ അവസ്ഥയുണ്ടായത്? അവിടെ അദ്ദേഹം അമേരിക്കയുടെ മോദിയാണ്. ഇവിടെ ഇന്ത്യയുടെ ട്രംപും. അവിടെ സംഭവിച്ചത് ഇവിടെയും സംഭവിക്കും. തിരഞ്ഞെടുപ്പിലൂടെ അദ്ദേഹവും പുറത്താകും'- കോൺഗ്രസ് എംപി പവൻ ഖേര പറഞ്ഞു. ആംആദ്‌മി പാർട്ടിവിട്ട് അടുത്തിടെ കോൺഗ്രസിൽ ചേർന്ന പ്രിയങ്ക കക്കറും ബിജെപിയെ പരിഹസിച്ച് രംഗത്തെത്തി. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ പരാമർശിച്ചുകൊണ്ട് ' ഇന്ന് പോട്ടസ് (POTUS) നാളെ ലോട്ടസ് (LOTUS) എന്നാണ് എക്‌സിൽ പ്രിയങ്ക കക്കർ പങ്കുവച്ച കുറിപ്പ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ രാഷ്‌ട്രീയഭാവിയും ബിജെപിയുടെ ഭാവിയും താരതമ്യം ചെയ്‌തായിരുന്നു പരിഹാസം.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും 'മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി' എന്ന പ്രതികരണവുമായി രംഗത്തെത്തി. പ്രിയങ്ക കക്കറിന്റെ പോസ്റ്റിലെ പരാമർശം കോൺഗ്രസ് നേതാക്കൾ വ്യാപകമായി പങ്കുവയ്‌ക്കുകയും ചെയ്‌തു.

എന്നാൽ, പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ തള്ളിയ ബിജെപി മോദിയുടെ രാഷ്‌ട്രീയ നിലപാട് അചഞ്ചലമാണെന്ന് വ്യക്തമാക്കി. 'അമേരിക്കൻ പ്രസിഡന്റ് വരും പോകും. എന്നാൽ താമര നിലനിൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടേക്കും പോകില്ല' എന്ന സന്ദേശം നൽകുന്ന മുദ്രാവാക്യവുമായാണ് ബിജെപി തിരിച്ചടിച്ചത്.

English Summary

Democrats' gains in the US midterm elections have sparked political debate in India, with Congress and other opposition parties comparing Donald Trump's setback to a potential challenge for PM Narendra Modi and the BJP. The BJP dismissed the comparison, asserting that Modi's political position remains strong.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US MIDTERM ELECTION, TRUMP SETBACK, TODAY POTUS TOMORROW LOTUS, MOCKING BJP, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360