ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സച്ചിൻ ടെണ്ടുൽക്കർ. സെലക്ഷൻ കമ്മിറ്റി തീരുമാനം പ്രഖ്യാപിച്ച സമയത്ത് പരസ്യമായി പ്രതികരിച്ചിരുന്നില്ലെങ്കിലും റെഡിറ്റിൽ ആരാധകരുമായി സംഘടിപ്പിച്ച ചോദ്യത്തര പരിപാടിയിൽ സംസാരിക്കവെയാണ് സച്ചിൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
15-ാം വയസിൽ വൈഭവിന് ക്യാപ്റ്റൻസി ചുമതല നൽകുന്നതിനെക്കുറിച്ചായിരുന്നു ആരാധകന്റെ ചോദ്യം. 'ദുലീപ് ട്രോഫിയിൽ വൈഭവിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത് അൽപം നേരത്തെയായെന്നാണ് എന്റെ അഭിപ്രായം. റെഡ്‌ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവന് അവസരം നൽകണം. ഓരോ ഘട്ടവും പിന്നിട്ട് ക്രമേണ മുന്നോട്ടുപോകുന്നതാണ് ഉചിതം'- സച്ചിൻ മറുപടി നൽകി.
ദുലീപ് ട്രോഫിക്ക് മുമ്പ് ബിഹാറിനായി വെറും എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് സൂര്യവംശി കളിച്ചിരുന്നത്. എന്നിട്ടും 100-ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച് പരിചയമുള്ള അഭിമന്യു ഈശ്വറിനെ മറികടന്ന് നായകൻ ഇഷാൻ കിഷാന്റെ ഡെപ്യൂട്ടിയായി വൈഭവിനെ നിയമിച്ചതിൽ വിമർശനങ്ങൾ കനക്കുകയാണ്. യുവതാരത്തിന്റെ വളർച്ചയും ഭാവിയിലെ നേതൃത്വശേഷിയും ലക്ഷ്യമിട്ടുള്ള തീരുമാനമാണിതെന്നും ടീമിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലല്ല നിയമനമെന്നുമായിരുന്നു ഈസ്റ്റ് സോൺ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ വിശദീകരണം.
ടൂർണമെന്റിനിടെ പരിക്കിനെത്തുടർന്ന് ഇഷാൻ കിഷന് കളിക്കാൻ കഴിയാതിരുന്ന അവസരത്തിൽ ഈസ്റ്റ് സോൺ ടീമിന്റെ നായകസ്ഥാനം താൽക്കാലികമായി ഏറ്റെടുക്കാൻ വൈഭവിന് അവസരം ലഭിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടംപിടിച്ചിട്ടുള്ള സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിലെ ഓപ്പണിംഗ് സ്ഥാനം ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരിൽനിന്നുള്ള കടുത്ത മത്സരമാണ് വൈഭവ് നേരിടുന്നത്. ചുരുങ്ങിയ പ്രായത്തിൽതന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ സൂര്യവംശിക്ക് കൂടുതൽ മത്സരപരിചയം നേടാനും റെഡ് ബോൾ ക്രിക്കറ്റിൽ കഴിവ് തെളിയിക്കാനും അവസരം നൽകണമെന്നാണ് സച്ചിന്റെ നിലപാട്.
Sachin Tendulkar feels Vaibhav Suryavanshi’s appointment as East Zone vice-captain for the Duleep Trophy came too early. He believes the 15-year-old should gain more first-class and red-ball cricket experience before taking on major leadership responsibilities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |