ന്യൂഡൽഹി: സ്വർണം വാങ്ങി സൂക്ഷിക്കുന്നതും കൈമാറുന്നതും സമ്മാനമായി നൽകുന്നതും ഇന്ത്യക്കാർ പരമ്പരാഗതമായി ചെയ്തുവരുന്ന ഒന്നാണ്. ഇന്ത്യൻ സംസ്‌കാരത്തിൽ സ്വർണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽതന്നെ സ്വർണവിലയിലെ ഉയർച്ചയും താഴ്‌ചയും ഇന്ത്യൻ ജനതയുടെ ജീവിതത്തെയും സ്വാധീനിക്കാറുണ്ട്. റെക്കോർഡ് നിരക്കിലെത്തിയതിനുശേഷം സ്വർണത്തിന്റെ വിലയിടിയുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. ഇതോടെ സ്വർണം വിറ്റ് കാശാക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. സ്വർണവില ഇനിയും കുറഞ്ഞാൽ ആഭരണങ്ങളുടെ മൂല്യത്തിന് ഇടിവ് സംഭവിക്കുമെന്ന ഭയമാണ് ഈ ട്രെൻഡിന് കാരണം.
ഇന്ത്യ ബുള്ളിയൻ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ (ഐബിജെഎ) കണക്കനുസരിച്ച് ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ കുടുംബങ്ങൾ ഏകദേശം 50 ടൺ സ്വർണമാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 43 ശതമാനം വർദ്ധനവാണിത്. സ്വർണനിരക്ക് പാരമ്യത്തിലെത്തിക്കഴിഞ്ഞെന്നും ഇനി വില ഇടിയാനാണ് സാദ്ധ്യതയെന്നുമാണ് പലരും കണക്കുകൂട്ടുന്നത്. പഴയ ആഭരണങ്ങൾ കൈവശം വയ്ക്കുന്നതിനുപകരം അത് പണമാക്കി മാറ്റുന്നതാണ് ലാഭമെന്ന് മിക്കവരും കരുതുന്നു.
അന്താരാഷ്ട്ര വിപണികളിലും സ്വർണത്തിന്റെ വിലയിടിയുകയാണ്. അമേരിക്ക- ഇറാൻ സംഘർഷം മൂലം അസംസ്കൃത എണ്ണവില ഉയർന്നത് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷകളും സ്വർണവിലയെ സ്വാധീനിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഉപയോഗിക്കുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏകദേശം 72.4 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2025ൽ ഏകദേശം 125-150 ടൺ സ്വർണം പുനഃരുപയോഗം ചെയ്തു. നിലവിലെ പ്രവണത തുടർന്നാൽ ഈ വർഷം ഇത് 200-250 ടണ്ണായി ഉയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വീടുകളിൽ ഏകദേശം 30000 ടൺ സ്വർണം സൂക്ഷിച്ചിരിപ്പുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |