SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.34 PM IST

ബാറ്റിംഗില്‍ വീണ്ടും തിളങ്ങി ക്യാപ്റ്റന്‍ ഗില്‍; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

gt-won

ലക്‌നൗ: ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. 165 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ എന്നിവരുടെ പ്രകടനങ്ങളാണ് മുന്‍ ചാമ്പ്യന്‍മാരുടെ ജയം അനായാസമാക്കിയത്.

ഓപ്പണര്‍ സായ് സുദര്‍ശന്റെ വിക്കറ്റാണ് 15(14) ആദ്യം ഗുജറാത്തിന് നഷ്ടമായത്. ടീം സ്‌കോര്‍ 45ല്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്‍ 56(40)- ജോസ് ബട്‌ലര്‍ 60(37) സഖ്യം 58 പന്തുകളില്‍ നിന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15ാം ഓവറില്‍ ഗില്‍ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സ് കൂടി പിറന്നപ്പോള്‍ മൂന്നാമനായി ബട്‌ലറും മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ 21*(13) - രാഹുല്‍ തെവാത്തിയ 10*(8) സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.


ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. 30(21) റണ്‍സ് നേടിയ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. ബാറ്റിംഗ് നിരയില്‍ ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയാത്തത് എല്‍എസ്ജി സ്‌കോറിംഗിനെ പിന്നോട്ടടിച്ചു. മിച്ചല്‍ മാര്‍ഷ് 11(4), ക്യാപ്റ്റന്‍ റിഷഭ് പന്ത് 18(11), ആയുഷ് ബദോനി 9(11), അബ്ദുള്‍ സമദ് 18(22) എന്നിങ്ങനെയാണ് പ്രധാന ബാറ്റര്‍മാരുടെ സംഭാവന.


കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലവുമായി എത്തിയ മുകുള്‍ ചൗധരിക്ക് 18(14) റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ജോര്‍ജ് ലിന്‍ഡേ 16(10) റണ്‍സെടുത്ത് പുറത്തായപ്പോള്‍ മുഹമ്മദ് ഷമി 12*(5), ആവേശ് ഖാന്‍ 4*(1) എന്നിവര്‍ പുറത്താകാതെ നിന്നു. ഗുജറാത്തിനായി പ്രസീദ്ധ് കൃഷ്ണ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. അശോക് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കാഗിസോ റബാഡ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL 2026, GT VS LSG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360