ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ്മ വിരമിക്കുമെന്ന് അഭ്യൂഹം. ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം രോഹിത്തിന്റെ കരിയറിലെ അവസാന രാജ്യാന്തര മത്സരം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. താരത്തെ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി മുന്‍ നായകനുമായി സംസാരിച്ചുവെന്നാണ് സൂചന. ലോര്‍ഡ്‌സിലാണ് ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ഏകദിനം.
രോഹിത്തിന് പകരം യശസ്വി ജയ്‌സ്‌വാളിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്നും മറ്റ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരിട്ട് അറിയിച്ചുവെന്നാണ് വിവരം. അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഏകദിന ടീമിലേക്ക് പരിഗണിക്കില്ലെന്ന ബിസിസിഐയുടെ അറിയിപ്പിനോട് തനിക്ക് ടീമില്‍ തുടരാനുള്ള മികവുണ്ടെന്ന മറുപടിയാണ് രോഹിത് ശര്‍മ്മ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2025ല്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായത് രോഹിത്തിന്റെ കീഴിലായിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന ഏകദിന പരമ്പരയില്‍ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി ശുബ്മാന്‍ ഗില്ലിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 2024ല്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്നും 2025ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് നിലവില്‍ ഇന്ത്യക്കായി ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. 39 വയസ്സ് പിന്നിട്ട താരം ഇപ്പോഴും മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്.
2023ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചത്. തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യ പക്ഷേ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. 2013ന് ശേഷം ഒരു ഐസിസി കിരീടമില്ലെന്ന പോരായ്മ ഇന്ത്യ പരിഹരിച്ചത് രോഹിത്തിന്റെ കീഴിലാണ്. ഇന്ത്യയെ ട്വന്റി 20 ലോകചാമ്പ്യന്‍മാരാക്കിയ രോഹിത് ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ എത്തിച്ചു. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ നേടിയ രോഹിത്തിന്റെ പേരിലാണ് ഈ ഫോര്‍മാറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ശ്രീലങ്കയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ നേടിയ 264 റണ്‍സാണ് റെക്കോഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |