
ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെ മലയാളി താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ന്റിച്ച് ക്ലാസനും തമ്മില്‍ ഗ്രൗണ്ടില്‍ തര്‍ക്കിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇരു ടീമിന്റേയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. തന്നെ സ്റ്റംപ് ചെയ്ത് ഔട്ടാക്കിയ ശേഷമുള്ള സഞ്ജുവിന്റെ ആഘോഷമാണ് ക്ലാസനെ ചൊടിപ്പിച്ചത്. ഗ്രൗണ്ടില്‍ നിന്ന് തിരികെ നടക്കുന്നതിനിടെ സഞ്ജുവിന്റെ അടുത്തെത്തിയ ക്ലാസന്‍ എന്തോ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പിണക്കം അവസാനിച്ചിരിക്കുകയാണ്.
സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് ആഘോഷിക്കുന്ന സഞ്ജുവിനോട് ക്ലാസന്‍ എന്തോ കയര്‍ത്ത് പറയുന്നുണ്ട്. ഈ സമയം സഞ്ജു മുന്നോട്ട് വരികയും ചെയ്യുന്നത് കാണാം. എന്നാല്‍ മറ്റ് ചെന്നൈ താരങ്ങള്‍ സഞ്ജുവിനെ പിടിച്ച് മാറ്റുകയായിരുന്നു. തൊട്ടുപിന്നാലെ അമ്പയറുടെ അടുത്തെത്തി മലയാളി താരം തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും സഞ്ജുവും ക്ലാസനും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഗ്രൗണ്ടില്‍ പലകാര്യങ്ങളും സംഭവിക്കാം, പക്ഷേ ഈ മനസ്സുള്ള മനുഷ്യനെ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു' - ക്ലാസനെ ആലിംഗനം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തു സഞ്ജു ഇന്‍സ്റ്റയില്‍ കുറിച്ചു.
'സഞ്ജുവിന്റെ കളി കാണാന്‍ ഏറെ ഇഷ്ടമാണ്. നിങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പ്രകടനങ്ങള്‍ തുടരുക. നമ്മുടെ അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നു' -പിന്നാലെ ക്ലാസനും ഇന്‍സ്റ്റയില്‍ പ്രതികരിച്ചു. സഞ്ജുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |