SignIn
Kerala Kaumudi Online
Friday, 18 September 2026 6.47 PM IST

വൈഭവ് മുതൽ പൂജ വരെ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ജെൻസി താരനിര, പ്രതീക്ഷയോടെ രാജ്യം

vaibhav-and-pooja
പൂജാ സിംഗ്,​ വൈഭവ് സൂര്യവംശി. അനാഹത് സിംഗ്

ന്യൂഡൽഹി: പുതുതലമുറയുടെ കരുത്തും ആവേശവും ഇന്ത്യൻ കായികരംഗത്ത് പുതിയ അദ്ധ്യായം കുറിക്കാനൊരുങ്ങുകയാണ്. ജപ്പാനിലെ ഐചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ശ്രദ്ധ യുവതാരങ്ങളിലേക്കാണ്. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം രാജ്യാന്തര വേദിയിൽ തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാൻ ഒരുങ്ങുകയാണ് നിരവധി ജെൻസി താരങ്ങൾ.

സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് 20-ാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഏകദേശം 17,000 താരങ്ങളും ഒഫീഷ്യൽസും ഉൾപ്പെടുന്ന ഗെയിംസിൽ 45 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 43 കായിക ഇനങ്ങളിലായി 469 മെഡൽ ഇനങ്ങളാണ് ഇത്തവണ നടക്കുന്നത്.

ഇന്ത്യൻ സംഘത്തിലെ ഏറ്റവും ശ്രദ്ധേയമായ യുവമുഖങ്ങളിലൊരാളാണ് വൈഭവ് സൂര്യവംശി. വെറും 15-ാം വയസിലാണ് താരം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്. നേരത്തെ തന്നെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ വൈഭവ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതീക്ഷകളിലൊന്നായി മാറിക്കഴിഞ്ഞു.

18കാരിയായ അനാഹത് സിംഗും ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു താരമാണ്. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിട്ടുള്ള അനാഹത് സ്ക്വാഷിൽ ഇന്ത്യയുടെ പ്രതീക്ഷകളിലൊന്നാണ്. ഏഷ്യൻ ഗെയിംസ് വേദിയിൽ രാജ്യാന്തര തലത്തിലെ തന്റെ മികവ് ആവർത്തിക്കാനാണ് താരത്തിന്റെ ശ്രമം. പി വി സിന്ധുവിനോടുള്ള ആരാധന കാരണം ബാഡ്മിന്റണിലായിരുന്നു അനാഹതിന്റെ തുടക്കം. സഹോദരിക്കൊപ്പം സ്ക്വാഷ് ടൂർണമെന്റിന് പോയതോടെ ബാഡ്മിന്റൺ ക്വാർട്ട് വിട്ട് സ്ക്വാഷിലെത്തുകയായിരുന്നു.

ഹൈജംപിൽ​ ഇന്ത്യയുടെ പുതിയ പ്രതീക്ഷയാണ് 19 വയസുകാരി പൂജാ സിംഗ്. 14 വർഷം പഴക്കമുള്ള സീനിയർ ദേശീയ റെക്കോർ‌ഡ് തിരുത്തിയ പ്രകടനത്തോടെയാണ് പൂജ ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനത്തായിരുന്നെങ്കിൽ ഇക്കുറി പൂജ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്.

അത്‌ലറ്റിക്സിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ് 18കാരിയായ അനുഷ്ക യാദവ്. ഹാമർ ത്രോയിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള അനുഷ്ക ആദ്യ ഏഷ്യൻ ഗെയിംസ് വേദിയിൽ ശ്രദ്ധേയ പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്. 17കാരിയായ പ്രിതിക പ്രദീപും യുവതാരങ്ങളുടെ പട്ടികയിൽ ശ്രദ്ധേയയാണ്. ലോകകപ്പ് മെഡൽ നേടിയിട്ടുള്ള താരമാണ് പ്രിതിക. ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിലൊന്നായി താരത്തെ കണക്കാക്കുന്നുണ്ട്.

ജെൻസീ താരങ്ങൾക്കൊപ്പം ഒളിമ്പിക് മെഡൽ ജേതാക്കളും ലോകോത്തര താരങ്ങളും ഇന്ത്യൻ സംഘത്തിലുണ്ട്. ഷൂട്ടിങ്ങിൽ മനു ഭാക്കർ, ബാഡ്മിന്റണിൽ പി വി സിന്ധു, വെയ്റ്റ് ലിഫ്റ്റിംഗിൽ മീരാബായി ചാനു, അമ്പെയ്ത്തിൽ ജ്യോതി സുരേഖ വെണ്ണം തുടങ്ങിയവരും സംഘത്തിന്റെ ഭാഗമാണ്.

2023ലെ ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് 107 മെഡലുകൾ നേടിയിരുന്നു. ഇത്തവണ 503 താരങ്ങളുമായാണ് ഇന്ത്യ ജപ്പാനിലെത്തുന്നത്. കഴിഞ്ഞ ഗെയിംസിലെ നേട്ടത്തിന് പിന്നാലെ പുതിയ തലമുറയിലെ താരങ്ങൾ കൂടി ടീമിന്റെ ഭാഗമാകുന്നത് ഇന്ത്യൻ കായികരംഗത്തിന്റെ ശ്രദ്ധേയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

English Summary

India is prioritizing young talent for the 2026 Asian Games in Aichi-Nagoya, Japan, with a 503-member contingent. Gen Z athletes like cricketer Vaibhav Suryavanshi, squasher Anahat Singh, and high jumper Pooja Singh are set to make their mark alongside experienced stars. This strategy aims to build on India's historic 107-medal haul at the previous games.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES 2026, INDIA GEN Z ATHLETES, VAIBHAV SURYAVANSHI, POOJA SINGH, INDIAN YOUNG ATHLETES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360