SignIn
Kerala Kaumudi Online
Monday, 14 September 2026 3.01 PM IST

സഞ്ജു കരുതിയിരിക്കണം, ഇനി പിഴച്ചാൽ പകരക്കാരനായി ഈ താരമെത്തും; അടുത്ത മത്സരം നിർണായകം

sanju-samson-
സഞ്ജു സാംസൺ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്താമാക്കിയെങ്കിലും ച‌ർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ഓപ്പണർമാരുടെ സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ച ഇന്ത്യൻ സെലക്ടർമാർക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തി സഞ്ജു സാംസണെ പ്ളെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനമാണ് ചർച്ചയാകുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ഓപ്പണർ സ്ഥാനത്തേക്ക് സഞ്ജുവിനും വൈഭവിനുമൊപ്പം അഭിഷേക് ശർമയുടെ പേര് കൂടി ഉയർന്നതോടെ ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് ഇന്ത്യയുടെ കൗമാരതാരം പുറത്തിരിക്കേണ്ടി വന്നത്. സഞ്ജുവിനും അഭിഷേകിനുമാണ് ഇന്നലത്തെ മത്സരത്തിൽ അവസരം ലഭിച്ചത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിൽ തളച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ അഭിഷേക് ശർമ 32 പന്തിൽ 82 റൺസുമായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഏഴ് ഫോറും ആറ് സിക്സും ഉൾപ്പെട്ടതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.

എന്നാൽ സഞ്ജു സാംസണിന് മത്സരത്തിൽ കാര്യമായ സംഭാവന നൽകാനായില്ല. ഒമർസായിയുടെ പന്തിൽ പുറത്താകുമ്പോൾ സഞ്ജുവിന്റെ സ്കോർ വെറും പത്ത് റൺസായിരുന്നു. ഇതോടെയാണ് ടീമിൽ ഇടം ഉറപ്പിക്കുന്ന കാര്യത്തിൽ സഞ്ജുവിന് മേൽ വീണ്ടും സമ്മർദ്ദം ഉയർന്നിരിക്കുന്നത്.

മികച്ച ഫോമിലുള്ള വൈഭവിനെ പുറത്തിരുത്തി സഞ്ജുവിന് അവസരം നൽകിയിട്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിയാതെ പോയത് സെലക്ടർമാർക്കും വലിയ നിരാശയാണ് നൽകിയത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാത്ത സഞ്ജുവിന്റെ മുന്നോട്ടുള്ള അവസരങ്ങൾ വീണ്ടും തുലാസിൽ ആകുമോയെന്ന ആശങ്കയാണ് ആരാധകർക്കുള്ളത്.

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനം ഒരിക്കലും എളുപ്പമായിരുന്നില്ല. നേരത്തെ രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ തുടങ്ങിയ താരങ്ങളുമായാണ് സഞ്ജുവിന് മത്സരിക്കേണ്ടിവന്നത്. ടീമിലെത്തിയപ്പോഴൊക്കെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ സ്ഥാനം ഉറപ്പിക്കേണ്ട സാഹചര്യം സഞ്ജുവിന് മുന്നിലുണ്ടായിരുന്നു.

2024ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയതോടെ ട്വന്റി20 ടീമിലെ സ്ഥിരം സാന്നിദ്ധ്യമാകാനുള്ള സാദ്ധ്യത സഞ്ജു ശക്തമാക്കിയിരുന്നു. പിന്നീട് ഗില്ലിനെ ട്വന്റി20 ഫോർമാറ്റിൽ നിന്ന് മാറ്റിനിർത്തിയതോടെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിംഗ് കൂട്ടുകെട്ടിലും സഞ്ജു പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തി. എന്നാൽ ഇപ്പോൾ വൈഭവ് സൂര്യവംശിയുടെ വളർച്ച സഞ്ജുവിന് പുതിയ വെല്ലുവിളിയാണ്. വിക്കറ്റ് കീപ്പർ-ബാറ്ററായി ഇഷാൻ കിഷനും ടീമിലുണ്ട്. അതിനാൽ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് സഞ്ജുവിന് നിർണായകമായിരിക്കുകയാണ്.

English Summary

India secured a seven-wicket victory against Afghanistan in the first T20, but opener selection dilemmas emerged. Sanju Samson, chosen over Vaibhav Suryavanshi, scored just ten runs. This performance puts pressure on Samson's team spot, especially with Abhishek Sharma's impressive 82 runs and Suryavanshi's strong form, creating a challenge for selectors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, VAIBHAV SOORYAVANSHI, SANJU SAMSON PRESSURE, TEAM INDIA, SANJU SAMSON SELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360