SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.53 AM IST

ഇടതുഭരണ സമിതി രാജിവച്ചൊഴിഞ്ഞു, നാഥനില്ലാതെ സ്പോർട്സ് കൗൺസിൽ

sports-council

തിരുവനന്തപുരം : വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളും ഉൾപ്പടെ ഇടതുസർക്കാർ നോമിനേറ്റ് ചെയ്ത ഭരണ സമിതി രാജിവച്ചൊഴിഞ്ഞതോടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ നാഥനില്ലാകളരിയായി. 2023 മുതൽ പ്രസിഡന്റായിരുന്ന യു.ഷറഫലി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചപ്പോൾ പകരം നോമിനേറ്റ് ചെയ്ത വി.പി സാനു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ രാജിവച്ചിരുന്നു. എന്നിട്ടും സ്ഥാനങ്ങളിൽ തുടർന്നുവന്ന വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്തും മറ്റ് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളും ഇന്നലെ ഈമെയി വഴി സെക്രട്ടറിക്ക് രാജിക്കത്ത് അയയ്ക്കുകയായിരുന്നു. നോമിനേഷനിലൂടെ ലഭിച്ച സ്ഥാനമാനങ്ങൾ ഒഴിയാനുള്ള സി.പി.എം നിർദ്ദേശ പ്രകാരമാണ് നടപടി.

അധികാരത്തിലെത്തി ഒരു മാസം കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റിനേയും ഭരണസമിതിയേയും കണ്ടെത്താൻ യു.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല. പഴയ ഭരണസമിതി ഒഴിഞ്ഞതോടെ സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ഉൾപ്പടെയുള്ള കാര്യങ്ങളിലെ പരാതികൾ പരിഹരിക്കാൻ കൗൺസിലിൽ ആളില്ലാത്ത സ്ഥിതിയാണ്. പുതിയ കൗൺസിൽ പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് അനുവദിക്കണമെന്ന് കോൺഗ്രസിന്റെ കായിക സംഘടനയായ ദേശീയ കായികവേദി ആവശ്യമുയർത്തിയിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിൽ സ്പോർട്സ് കൗൺസിലിലെ അഴിമതികൾ പുറത്തുകൊണ്ടുവരികയും സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത കായികവേദിക്ക് അർഹമായ പരിഗണന നൽകണമെന്നാണ് കെ.പി.സി.സി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും നൽകിയ അപേക്ഷയിൽ പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി കായികരംഗത്തും പുറത്തുമുള്ള നിരവധിപ്പേർപാർട്ടി നേതൃത്വത്തേയും മന്ത്രിയേയും സമീപിക്കുന്നുമുണ്ട്.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ സർക്കാരിന് നോമിനേറ്റ് ചെയ്യാം. എന്നാൽ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തേണ്ടതാണെന്നാണ് 2025ൽ പാസാക്കിയ സ്പോർട്സ് ബില്ലിൽ പറയുന്നത്. നിയമം വരുന്നതിന് മുമ്പ് നോമിനേറ്റ് ചെയ്യപ്പെട്ടവരാണ് ഇപ്പോൾ രാജിവച്ചത്. ഇത്തവണത്തെ ഇലക്ഷൻ പ്രവർത്തനങ്ങൾ ഇടതുസർക്കാർ തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പുതിയ സർക്കാർ നോമിനേഷൻ നടത്തുന്നത് നിയമക്കുരുക്കിന് ഇടയാക്കിയേക്കും. കൗൺസിലിന് പുതിയ ഭരണസമിതിയെ നിയമിക്കാൻ ഓർഡിനൻസ് കൊണ്ടുവരേണ്ടിവരുമെന്നും സൂചനയുണ്ട്.

ശമ്പളമില്ലാതെ ജീവനക്കാർ

52 പരിശീലകരടക്കം കൗൺസിലിലെ നൂറിലധികം താത്‌കാലിക/കരാർ ജീവനക്കാർക്ക് മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. സർക്കാരിൽ നിന്ന് ആവശ്യമായ ഫണ്ട് നേടിയെടുക്കാൻ ആളില്ലാത്തതാണ് കാരണം.

സ്കൂൾ തുറന്നതോടെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സ്കൂൾ അഡ്മിഷന്റെയും മറ്റും കാര്യങ്ങളിലെ പരാതികളിൽ നടപടിയെടുക്കാൻ കൗൺസിലിൽ ആളില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുടിശികയായ യാത്രാബത്തയും കുട്ടികളുടെ ഭക്ഷണച്ചെലവും കായിക അസോസിയേഷനുകൾക്ക് ലഭിക്കാനുണ്ട്. ഭരണം മാറിയിട്ടും അസോസിയേഷനുകളുടെ അവസ്ഥയ്ക്ക് മാറ്റമില്ല.

കഴിഞ്ഞ സർക്കാർ പണം നൽകാത്തതിനാൽ ഇ കായിക സർട്ടിഫിക്കേഷൻ പദ്ധതിയുടെ സെർവർ ഡൗണാണ്. ഇതോടെ പരിഷ്കാരം നടപ്പിലാക്കിയ അസോസിയേഷനുകളും കുട്ടികളും പെരുവഴിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS COUNCIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360