SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.34 AM IST

യു.എസിൽ പന്തുരുളും, ഇവിടെ റോമി അങ്കിൾ ചരിത്രമെഴുതും

romi

കൊച്ചി: അമേരിക്കയിൽ ലോകകപ്പിന് പന്തുരുളുമ്പോൾ ഫോർട്ടുകൊച്ചി നസ്രത്തിലെ ഒറ്റമുറി പലചരക്കു കടയിലിരുന്ന് നോട്ട്ബുക്കിൽ 'റോമി അങ്കിൾ" എഴുതിത്തുടങ്ങും, കാൽപ്പന്ത് മാമാങ്കത്തിലെ മിന്നുംകാഴ്ചകൾ. 1930 മുതൽ 2022 വരെയുള്ള ലോകകപ്പുകളിലെ മുഴുവൻ വിശേഷങ്ങളും ബുക്കിലുണ്ട്. ലോകകപ്പ് കൗണ്ട്ഡൗൺ കടയ്‌ക്ക് മുന്നിൽ പതിച്ചിട്ടുമുണ്ട്.

ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ കടുത്ത ആരാധകനാണ് ആലുംപറമ്പിൽ എ.കെ. റെയ്‌നോൾഡ് (72) എന്ന നാട്ടുകാരുടെ റോമി അങ്കിൾ. സ്കൂളിൽ പഠിക്കുമ്പോൾ ചങ്കിൽ കയറിയതാണ് ഫുട്ബാൾ കമ്പം. 1986ൽ മറഡോണ കിരീടം ഉയർത്തിയ വാർത്ത ആവേശത്തോടെ വായിച്ച റോമിക്ക്, പത്രത്തിന്റെ സ്പോർട്സ് പേജിലുണ്ടായിരുന്ന ഫുട്ബാൾ ചരിത്രത്തിന്റെ ചെറിയ കുറിപ്പ് കൗതുകമായി. മത്സരങ്ങളുടെ വിവരങ്ങൾ വിശദമായി തയ്യാറാക്കണമെന്ന മോഹമാണ് എഴുത്തിന് തുടക്കംകുറിച്ചത്.

1990ലെ ഇറ്റലി ലോകകപ്പ് റോമി അങ്കിളിന് ഏറ്റവും പ്രിയപ്പെട്ടതായെങ്കിലും സങ്കടത്തിലാണ് അവസാനിച്ചത്. ടി.വിയിലൂടെ ആദ്യമായി ലൈവായി മത്സരങ്ങൾ കാണാൻ തുടങ്ങിയതും നോട്ട്ബുക്കിൽ എഴുതാൻ ആരംഭിച്ചതുമാണ് സന്തോഷത്തിന് കാരണം. പ്രാണനായ അർജന്റീന പശ്ചിമ ജർമ്മനിക്ക് മുന്നിൽ 1-0ന് വീണത് ഹൃദയം തകർത്തു. 2014ൽ ജർമ്മനിക്ക് മുന്നിൽ മെസിപ്പട വീണ്ടും വീണപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. അർജന്റീന 2022ൽ സുവർണകിരീടം ഉയർത്തിയപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനും റോമി മുന്നിലുണ്ടായിരുന്നു. അവിവാഹിതനായ റോമി ഒറ്റയ്‌ക്കാണ് താമസം. നാലു സഹോദരന്മാർ അടുത്തുതന്നെയുണ്ട്. മൂത്ത ജ്യേഷ്ഠൻ യേശുദാസിന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചാണ് മത്സരങ്ങൾ കാണുക. ഇക്കുറിയും കപ്പ് അർജന്റീനയ്ക്ക്തന്നെയെന്ന് റോമി അങ്കിൾ പറയുന്നു.

വീട്ടിൽ ടി.വി. വാങ്ങിയപ്പോഴാണ് 1990ലെ ലോകകപ്പ് മത്സരങ്ങൾ ആദ്യമായി ലൈവായി കണ്ടത്. അന്നും ഇന്നും മറഡോണയാണ് ഹീറോ. മെസിയും കൊള്ളാം.
എം.കെ. റെയ്‌നോൾഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360