SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.14 AM IST

ഈജിപ്ഷ്യൻ മജീഷ്യൻസ്

fifa

ബെൽജിയത്തെ 1-1ന് സമനിലയിൽ കുരുക്കി ഈജിപ്ത്

ബെൽജിയത്തിന് ലക്കായി ലുക്കാക്കുവിന്റെ വരവ്

സിയാറ്റിൽ : യൂറോപ്പിലെ കറുത്തകുതിരകളായ ബെൽജിയത്തിന് ആദ്യ മത്സരത്തിൽ കടിഞ്ഞാണിട്ട് ഈജിപ്ത്. കഴിഞ്ഞരാത്രി സിയാറ്റിലിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. കളിതുടങ്ങി 19-ാം മിനിട്ടിൽ ഇമാം അഷൗറിലൂടെ ബെൽജിയൻ വലകുലുക്കി ഈജിപ്തിലെ മജീഷ്യന്മാർ ഞെട്ടിച്ചിരുന്നു. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ കഴിയാതെ വെട്ടിവിയർത്ത ബെൽജിയംകാർ ഒടുവിൽ രണ്ടും കൽപ്പിച്ച് പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്ത വെറ്ററൻ താരം റൊമേലു ലുക്കാക്കുവിനെ കളിത്തിലേക്കിറക്കുകയും നിമിഷങ്ങൾക്കകം ലുക്കാക്കുവിന്റെ ഒരു ഷോട്ട് ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹനിയുടെ കാലിൽതട്ടി സ്വന്തം വലയിലാകുകയും ചെയ്തു.

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായിരുന്ന ബെൽജിയം ഇത്തവണ അതാവർത്തിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും അത്ര ശുഭകരമായി അനുഭവമായിരുന്നില്ല സിയാറ്റിലിൽ.തുടക്കം മുതൽ ആക്രമണങ്ങൾക്ക് മുനകൂർപ്പിച്ച ഈജിപ്ത് 19-ാം മിനിട്ടിൽ ഗോളും നേടി. ബെൽജിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു ഇമാം അഷൗറിന്റെ ഗോൾ. ആദ്യപകുതിയിൽ ഭാഗ്യംകൊണ്ടാണ് ബെൽജിയം വീണ്ടും ഗോൾ വഴങ്ങാതിരുന്നത്. അവരുടെ പ്രതിരോധത്തിലെ പാളിച്ചകൾ പലകുറി തുറന്നുകാട്ടപ്പെട്ടു.

കൂടുതൽ സമയം പന്ത് കൈവശംവച്ചെങ്കിലും അവസരങ്ങൾ തുറന്നെടുക്കുന്നതിൽ ബെൽജിയം പരാജയപ്പെട്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കെവിൻ ഡിബ്രുയാന്റെ ഒരു ഷോട്ട് പുറത്തേക്ക് പോയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒന്ന് പോസ്റ്റിൽതട്ടിത്തെറിച്ചു. സമനില ഗോളിന് വഴിയൊരുക്കിയശേഷം ലുക്കാക്കുവിന്റെ ഒരു ഹെഡർ ക്രോസ്ബാറിന് മുകളിലേക്കുപോയി.

അടുത്ത തിങ്കളാഴ്ച ഇറാനുമായാണ് ബെൽജിയത്തിന്റെ അടുത്ത മത്സരം. ഈജിപ്ത് അന്ന് ന്യൂസിലാൻഡിനെ നേരിടും.

ബെൽജിയത്തിന് വയസായി

ആദ്യ മത്സരത്തിൽ ആരാധകർക്ക് ഒരുകാര്യം ബോധ്യപ്പെട്ടിരിക്കണം; ബെൽജിയത്തിന് പ്രായമായിരിക്കുന്നു. നാലാം ലോകകപ്പിനിറങ്ങിയ ലുക്കാക്കു,കെവിൻ ഡിബ്രുയാൻ,ഗോളി തിബോ കുർട്ടോ എന്നിവർതന്നെയാണിപ്പോഴും ടീമിലെ സൂപ്പർ താരങ്ങൾ.33കാരനായ ലുക്കാക്കു കഴിഞ്ഞസീസണിൽ പകുതിസമയത്തിലേറെയും പരിക്കിന്റെ പിടിയിലായിരുന്നു. 34കാരനായ ഡി ബ്രുയാനാകട്ടെ മാഞ്ചസ്റ്റർ സിറ്റിവിട്ട് നാപ്പോളിയിലേക്ക് പോയതാരമാണ്. റയൽ മാഡ്രിഡിന്റെ ഗോളിയായ കുർട്ടോയ്ക്കും പ്രായം 34. നല്ല പ്രായത്തിൽ ഇവർ പുറത്തെടുത്ത പ്രകടനത്തിന്റെ പരിസരത്തുപോലുമില്ല ഇപ്പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, EGYPT FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360