
മുഴുവൻ സമയരാഷ്ട്രീയക്കാരുടെ ഇരിപ്പിടമാവില്ല
തിരുവനന്തപുരം : പുതിയ സ്പോർട്സ് ബില്ലിൽ വിഭാവനം ചെയ്യുന്ന സ്പോർട്സ് അതോറിറ്റി ഒഫ് കേരളയിൽ മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകരെ ഒഴിവാക്കും. കായിക മേഖലയിൽ കളിക്കാരനായോ കോച്ചായോ സംഘാടകനായോ പ്രാഗത്ഭ്യം തെളിച്ചവർക്കേ പുതിയ സമിതിയിലേക്ക് എത്താനാകൂ എന്ന രീതിയിലാണ് വ്യവസ്ഥകൾ രൂപീകരിച്ചിരിക്കുന്നത്. നിയമവകുപ്പിന്റെ അന്തിമ പരിശോധനയിലുള്ള പുതിയ ബിൽ ഉടൻ കാബിനറ്റിന്റെ പരിഗണനയ്ക്ക് എത്തും.
സംസ്ഥാന,ജില്ലാ സ്പോർട്സ് കൗൺസിലുകളെയും സ്പോർട്സ് ഡയറക്ടറേറ്റിനെയും ലയിപ്പിച്ചാണ് സ്പോർട്സ് അതോറിറ്റി ഒഫ് കേരള രൂപീകരിക്കുന്നത്. സ്പോർട്സ് ഡയറക്ടറാകും സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. മുഖ്യ കായിക അഡ്മിനിസ്ട്രേറ്ററും സമിതിയിൽ ഉണ്ടാകും.157 സർക്കാർ നിയമന–നാമനിർദ്ദേശ സ്ഥാനങ്ങളും 320 അസോസിയേഷൻ പ്രതിനിധി സ്ഥാനങ്ങളുമുൾപ്പടെ 477 അംഗത്വസ്ഥാനങ്ങളാണ് സ്പോർട്സ് അതോറിറ്റി ഒഫ് കേരളയിലുള്ളത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് കൊണ്ടുവന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ നടന്ന ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ പല ജില്ലകളിലും രാഷ്ട്രീയ പാർട്ടി നോമിനികളാണ് ജയിച്ചുവന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
സ്പോർട്സ് അതോറിറ്റി ഒഫ്
കേരള ഘടന ഇങ്ങനെ
കായിക മന്ത്രിയാകും എക്സ് ഒഫിഷ്യോ ചെയർമാൻ. കായിക സെക്രട്ടറി എക്സ് ഒഫിഷ്യോ വൈസ് ചെയർമാൻ. ധനകാര്യ, നിയമ സെക്രട്ടറിമാർ, അംഗീകൃത കായിക അസോസിയേഷനുകളുടെ രണ്ട് പ്രതിനിധികൾ, മേഖലാ കൗൺസിലുകളുടെ രണ്ട് പ്രതിനിധികൾ, ഒരു പ്രമുഖ കായിക താരം,സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൽ രംഗത്തെ വിദഗ്ധൻ,ധനകാര്യം/ കോർപ്പറേറ്റ് ഭരണം/നിയമം എന്നിവയിലെ വിദഗ്ധൻ എന്നിവരെ സർക്കാരിന് നാമനിർദ്ദേശം ചെയ്യാം.
പീഢകരോട് സീറോ ടോളറൻസ്
കായിക മേഖലയിലെ പീഢകരായ പരിശീലകരോട് ഒട്ടും മാർദ്ദവമില്ലാത്ത വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പീഢനപരാതികൾ പൊലീസിലേക്ക് കൈമാറും.കുറ്റാരെന്ന് കണ്ടെത്തിയാൽ ജോലിയിൽ നിന്ന് പുറത്താക്കും കായിക താരങ്ങൾക്ക് എതിരെ എന്ത് അന്യായമായി നടന്നാലും ഡിജിറ്റലായി പരാതിപ്പെടാം. ഹൈക്കോടതി ജഡ്ജ് ഉൾപ്പടെയുള്ള ന്യായാധിപന്മാർ ഡിജിറ്റലായി ഹിയറിംഗ് നടത്തും. അഞ്ചുമുതൽ 25 ലക്ഷം വരെ പിഴ ചുമത്തും. ഉത്തേജക മരുന്നടിക്കാരുടെ മെഡലും പ്രൈസ് മണിയും തിരിച്ചുപിടിക്കുന്നത് ഉൾപ്പടെയുള്ള ശിക്ഷകൾ വരും.
ടീം സെലക്ഷനിൽ കള്ളക്കളികൾ നടത്തിയാൽ പിഴ ശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |