മുംബയ്: മലയാളി താരം സഞ്ജു സാംസൺ ബാറ്റിംഗിൽ തിളങ്ങിയിട്ടും ഇന്ത്യൻ ടീം തോൽക്കുന്നത് എന്തുകൊണ്ട്? സഞ്ജു അടിച്ചാൽ ഇന്ത്യ തോൽക്കുമെന്നാണോ? ക്രിക്കറ്റ് ആരാധകർക്കിടയിലും സമൂഹമാദ്ധ്യമമങ്ങളിലും ഈ ചർച്ച സജീവമാകുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ 23 പന്തിൽ 56 റൺസ് നേടിയിട്ടും ഇന്ത്യ തോറ്റതോടെയാണ് ഈ ചോദ്യം വീണ്ടും ശ്രദ്ധ നേടിയത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും സഞ്ജു 41 പന്തിൽ നിന്നും 82 റൺസ് നേടിയിട്ടും ടീമിനെ വിജയം കൈവിട്ടു. ആ പശ്ചാത്തലത്തിലാണ് സഞ്ജുവിന്റെ ഭാഗ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നത്.
സഞ്ജു തകർത്തടിച്ചിട്ടും ഇന്ത്യ തോറ്റ മത്സരങ്ങളുണ്ട്. അതേസമയം, നിർണായക ഘട്ടങ്ങളിൽ സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ മാത്രം ഇന്ത്യ വിജയിച്ചിട്ടുമുണ്ട്. വ്യക്തിഗത പ്രകടനവും ടീമിന്റെ വിജയവും തമ്മിലുള്ള ബന്ധം മനസിലാക്കാൻ കുറച്ച് മത്സരങ്ങൾ പരിശോധിക്കാം.
വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി20യിൽ 247 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസൺ മികച്ച തുടക്കമാണ് നൽകിയത്. വെറും 23 പന്തിൽ ആറ് ഫോറും നാല് സിക്സറും ഉൾപ്പെടെ 56 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. എന്നാൽ അഞ്ചാം ഓവറിൽ കീമോ പോളിന്റെ പന്തിൽ ഷിമ്രോൺ ഹെറ്റ്മെയർക്കിന് ക്യാച്ച് നൽകി സഞ്ജു പുറത്തായി. പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വിക്കറ്റുകൾ തുടർച്ചയായി വീണു. കീമോ പോൾ അഞ്ച് വിക്കറ്റുമായി ഇന്ത്യൻ മുന്നേറ്റത്തിന് തടയിട്ടു. ഒടുവിൽ ഇന്ത്യ 223 റൺസെന്ന നിലയിൽ ഇന്ത്യയ്ക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. 24 റൺസിന്റെ തോൽവിയാണ് ഇന്ത്യയ്ക്ക് ഉണ്ടായത്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20യിലും സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. റാഞ്ചിയിൽ 41 പന്തിൽ 82 റൺസാണ് താരം നേടിയത്. ഒമ്പത് ഫോറും നാല് സിക്സറും ഉൾപ്പെട്ട ഇന്നിംഗ്സിന്റെ സ്ട്രൈക്ക് റേറ്റ് 200 ആയിരുന്നു. സഞ്ജുവിന്റെയും മറ്റ് ഇന്ത്യൻ ബാറ്റർമാരുടെയും മികവിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന കൂറ്റൻ സ്കോറിലെത്തി. എന്നാൽ വെസ്റ്റ് ഇൻഡീസ് അതിലും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് നേടിയ വെസ്റ്ര് ഇൻഡീസ് ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. വലിയ സ്കോർ ഉയർത്തിയിട്ടുപോലും ഇന്ത്യയ്ക്ക് പ്രതിരോധിക്കാനായില്ല.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ സഞ്ജുവിന് വലിയ സ്കോർ നേടാനായില്ല. ആറ് പന്തിൽ മൂന്ന് റൺസെടുത്താണ് താരം പുറത്തായത്. എന്നാൽ ഈ മത്സരത്തിൽ ഇന്ത്യ 223 റൺസ് നേടിയ ശേഷം വെസ്റ്റ് ഇൻഡീസിനെ 209 റൺസിൽ ഒതുക്കി 14 റൺസിന്റെ വിജയം സ്വന്തമാക്കി. ഇവിടെ സഞ്ജുവിന്റെ വ്യക്തിഗത സ്കോർ ചെറുതായിരുന്നെങ്കിലും ടീം വിജയിച്ചു. അതായത് സഞ്ജു റൺസ് നേടാത്തപ്പോൾ ഇന്ത്യ ജയിക്കുകയും സഞ്ജു വലിയ സ്കോർ നേടിയപ്പോൾ ഇന്ത്യ തോൽക്കുകയും ചെയ്യുന്നുവെന്ന ചർച്ച ഇത്തരം സംഭവങ്ങളെ മുൻനിർത്തിയാണ്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിലും സഞ്ജുവിന് മികച്ച സകോർ നേടാനായില്ല. ഒമ്പത് പന്തിൽ നിന്ന് താരം സ്വന്തമാക്കിയത് 11 റൺസായിരുന്നു. എന്നാൽ ആ മത്സരത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 32 പന്തും എട്ടുവിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യ തോൽക്കുന്നു എന്ന വാദത്തിന് ഏറ്റവും ശക്തമായ മറുപടികളിലൊന്നാണ് 2026 ട്വന്റി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം. കൊൽക്കത്തയിൽ നടന്ന നിർണായക സൂപ്പർ എട്ട് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും സഞ്ജു സാംസൺ ഉറച്ചുനിന്നു.
50 പന്തിൽ പുറത്താകാതെ 97 റൺസാണ് താരം നേടിയത്. 12 ഫോറും നാല് സിക്സറും അടങ്ങിയ ഇന്നിംഗ്സിന്റെ കരുത്തിൽ ഇന്ത്യ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റിന്റെ വിജയം ഇന്ത്യയെ സെമിയിലെത്തിച്ചു. സമ്മർദഘട്ടത്തിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത സഞ്ജു ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
2026 ട്വന്റി20 ലോകകപ്പ് സെമിഫൈനലിലും സഞ്ജു തിളങ്ങി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 42 പന്തിൽ 89 റൺസാണ് താരം നേടിയത്. എട്ട് ഫോറും ഏഴ് സിക്സറും ഉൾപ്പെട്ട ഇന്നിംഗ്സിന്റെ കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യ ഏഴ് റൺസിന്റെ വിജയം സ്വന്തമാക്കി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. സഞ്ജുവിന്റെ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് വലിയ സ്കോർ സമ്മാനിച്ചതിനൊപ്പം എതിരാളികൾക്ക് കനത്ത സമ്മർദവും സൃഷ്ടിച്ചു.
ന്യൂസിലൻഡിനെതിരായ 2026 ട്വന്റി20 ലോകകപ്പ് ഫൈനലിലും സഞ്ജു 89 റൺസ് നേടി. 46 പന്തിൽ നേടിയ ഈ ഇന്നിംഗ്സ് ഇന്ത്യയെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറിലെത്തിക്കാൻ സഹായിച്ചു. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 159 റൺസിന് പുറത്തായതോടെ ഇന്ത്യ 96 റൺസിന്റെ വിജയം സ്വന്തമാക്കി. തുടർച്ചയായ നിർണായക മത്സരങ്ങളിൽ ബാറ്റിങ്ങിൽ തിളങ്ങിയ സഞ്ജു ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒരു ടീമിന്റെ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നിവയെല്ലാം ചേർന്നാണ് മത്സരഫലം നിർണയിക്കുന്നത്. ഒരു ബാറ്ററുടെ മികച്ച പ്രകടനം മത്സരത്തിന്റെ ഗതി മാറ്റാം. എന്നാൽ വിജയത്തിന് അതുമാത്രം മതിയാകില്ല. എതിരാളികൾ ഉയർത്തുന്ന സ്കോർ, ഇന്ത്യൻ ബൗളർമാരുടെ പ്രകടനം, മദ്ധ്യനിരയുടെ സംഭാവന, വിക്കറ്റുകൾ വീഴുന്ന സമയക്രമം, അവസാന ഓവറുകളിലെ റൺനിരക്ക് തുടങ്ങിയ നിരവധി ഘടകങ്ങൾ ഫലത്തെ സ്വാധീനിക്കുന്നു. അതിനാൽ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചർച്ചയ്ക്ക് നിലവിൽ പ്രസക്തി ഇല്ലെന്നാണ് വ്യക്തമാകുന്നത്.
A social media debate questions why India often loses despite Sanju Samson's strong batting performances, citing recent T20 matches against West Indies. However, his crucial match-winning knocks, including the 2026 T20 World Cup, disprove this. Experts assert team victory depends on overall performance, encompassing batting, bowling, and fielding, not solely individual brilliance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |