
ഏഷ്യൻ ഗെയിംസ് താരങ്ങളെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി: രാജ്യാന്തര കായികമേളകൾക്ക് വിശ്വസനീയ ആതിഥേയരായി ഇന്ത്യ വളരുകയാണെന്നും ഒളിമ്പിക്സ് നടത്തുകയെന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡലുകൾ നേടിയ താരങ്ങൾക്കും പരിശീലകർക്കും അനുമോദനമർപ്പിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.
ഗെയിംസിലെ വനിതാ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം പ്രശംസിച്ച മോദി, 85 മെഡലുകളിൽ 38 എണ്ണം വനിതകളുടെ സംഭാവനയാണെന്ന് ചൂണ്ടിക്കാട്ടി. വനിതാ ഹോക്കി ടീമിന്റെ സ്വർണനേട്ടവും അമ്പെയ്ത്ത് താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമായതായി അദ്ദേഹം പറഞ്ഞു.ഇത്തവണ മെഡലെണ്ണം കുറഞ്ഞെങ്കിലും പുതിയ താരങ്ങളുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെന്ന് മോദി പറഞ്ഞു.അരങ്ങേറ്റക്കാർ 41 മെഡലുകളാണ് നേടിയത്. വർഷങ്ങളുടെ അധ്വാനവും അർപ്പണബോധവുമാണ് കായികരംഗത്തെ നേട്ടങ്ങൾക്ക് പിന്നിലെന്നും രാജ്യത്ത് കായികമേഖലയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ ജയ് ഷാ, കായികതാരങ്ങൾ, പരിശീലകർ, സഹായസംഘാംഗങ്ങൾ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികൾ, ദേശീയ കായിക ഫെഡറേഷൻ ഭാരവാഹികൾ, കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താരങ്ങൾ പ്രധാനമന്ത്രിക്ക് ഒപ്പിട്ട ജഴ്സികളും സ്മരണികകളും സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |