SignIn
Kerala Kaumudi Online
Friday, 16 October 2026 2.01 AM IST

യുവേഫ ചാമ്പ്യൻസ് ലീഗ് സിറ്റിയുടെ കുറ്റി തെറുപ്പിച്ച് പി.എസ്.ജി

ucl

ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-2ന് തോൽപ്പിച്ച് പാരീസ് എസ്.ജി

എ.എസ് റോമയെ 4-3ന് കീഴടക്കി റയൽ മാഡ്രിഡ്, ലസ്കിനെ വീഴ്ത്തി ലിവർപൂൾ

മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി.സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിയാണ് പി,എസ്.ജിയുടെ പടയോട്ടം.

ആദ്യ പകുതിയിൽ തന്നെ മൂന്നുഗോളുകൾ നേടി ഫ്രഞ്ച് ക്ളബ് മാഞ്ചസ്റ്ററിന്റെ മുനയൊടിച്ചിരുന്നു. 13-ാം മിനിട്ടിൽ ദെസീറേ ദുവെയിലൂടെയാണ് പി.എസ്.ജി ഗോളടി തുടങ്ങിയത്. 15-ാം മിനിട്ടിൽ ഡെംബലെ സ്കോർ ചെയ്തു. 32-ാം മിനിട്ടിൽ വിറ്റീഞ്ഞയുടെ വകയായിരുന്നു അടുത്ത ഗോൾ.53-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് സിറ്റി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 63-ാം മിനിട്ടിൽ അക്ലിയോഷേ പി.എസ്.ജിയുടെ നാലാം ഗോൾ നേടി. 75-ാം മിനിട്ടിൽ ഹാലാൻഡ് തന്നെയാണ് സിറ്റിയുടെ രണ്ടാം ഗോളും നേടിയത്. പ്രാഥമിക റൗണ്ടിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറുപോയിന്റുമായി പി.എസ്.ജിയാണ് ഒന്നാമത്. ആദ്യമത്സരം മാത്രം ജയിച്ച സിറ്റി മൂന്ന് പോയിന്റുമായി 17-ാം സ്ഥാനത്താണ്.

കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് നാലിനെതിരെ മൂന്നുഗോളുകൾക്ക് ഇറ്റാലിയൻ ക്ളബ് എ.എസ് റോമയെ തോൽപ്പിച്ചു.റോമയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 1-3ന് പിന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്റെ ജയം. നിശ്ചിത സമയത്തിന്റെ അവസാന ഏഴുമിനിട്ടിനിടെയാണ് റയൽ മൂന്നുഗോളുകൾ നേടിയത്.20-ാം മിനിട്ടിൽ മാർട്ടിൻ ഡി റൂണിലൂടെയാണ് റോമ സ്കോറിംഗ് തുടങ്ങിവച്ചത്. 25-ാം മിനിട്ടിൽ കിലിയൻ എംബാപ്പെ സമനിലപിടിച്ചെങ്കിലും 51,57 മിനിട്ടുകളിലായി ഡോണിൽ മാലെൻ നേടിയ ഗോളുകൾക്ക് റോമ മുന്നിലെത്തി. 83-ാം മിനിട്ടിൽ കാർലോസ് എസ്പിയിലൂടെയാണ് റയൽ വീണ്ടും തിരിച്ചടിക്കാൻ തുടങ്ങിയത്.85-ാം മിനിട്ടിൽ എൻഡ്രിക്ക് സമനില ഗോളും 90-ാം മിനിട്ടിൽ അന്റോണിയോ റൂഡിഗർ വിജയഗോളും നേ‌ടി. സീസണിലെ രണ്ടാം വിജയം നേടിയ റയൽ ആറു പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഓസ്ട്രിയൻ ക്ളബ് ലസ്കിനെ 6-3ന് തോൽപ്പിച്ചു. ലിവർപൂളിന് വേണ്ടി ബ്രാഡ്‌ലി ബാർകോള ഹാട്രിക്ക് നേടി. റൊണാൾഡ് ഒറായോ,ഫ്രിംപോംഗ്,ലെവിസ് കൗമാസ് എന്നിവർ ഓരോ ഗോളടിച്ചു. മറ്റൊരു മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ല 6-0ത്തിന് തുർക്കി ക്ളബ് ഫെനർബാഷയെ കീഴടക്കി.ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി നിക്കോളാസ് ജാക്സണും റോസ് ബാർക്ക്‌ലേയും ഇരട്ടഗോളടിച്ചു.

മത്സരഫലങ്ങൾ

ക്ളബ് ബ്രൂഗെ 4- ഇന്റർ മിലാൻ 3

ലിവർപൂൾ 6 - ലസ്ക് 3

ഫെയനൂർദ് 3- കോമോ 2

ഷാക്തർ 3- എ.ഇ.കെ 1

ബെറ്റിസ് 3- പോർട്ടോ 2

റയൽ മാഡ്രിഡ് 4- എ.എസ് റോമ 3

സ്റ്റുട്ട്ഗർട്ട് 3- ബ്രാത്തിസ്ളാവ 0

ആസ്റ്റൺ വില്ല 6- ഫെനർബാഷെ 0

പാരീസ് എസ്.ജി 4- മാഞ്ചസ്റ്റർ സിറ്റി 2

ബോഡോ ഗ്ളിംറ്റ് ബൊറൂഷ്യ 1-0 ഡോർട്ട് മുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360