SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.02 AM IST

മെക്സിക്കോയിൽ കയറി മേഞ്ഞ് ഇംഗ്ളണ്ട്

mexico

ആസ്റ്റെക്കിൽ ആദ്യമായി മെക്സിക്കോയെ തോൽപ്പിച്ച് ഇംഗ്ളണ്ട്

മെക്സിക്കോ സിറ്റി : ആതിഥേയരായ മെക്സിക്കോയെ അവരുടെ മടയിൽ കയറി അടിച്ചിട്ട് ഇംഗ്ളണ്ട് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി. മൂന്ന് ലോകകപ്പുകൾക്ക് വേദിയായ മെക്സിക്കോ സിറ്റിയിലെ ആസ്റ്റെക്ക് സ്റ്റേഡിയത്തിൽ ആദ്യമായൊരു ലോകകപ്പ് മത്സരത്തിൽ തോൽക്കുകയായിരുന്നു ഇന്നലെ ഇംഗ്ളണ്ടിന് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ മെക്സിക്കോ.

രണ്ടിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ഇംഗ്ളണ്ടിന്റെ ജയം. ആദ്യ പകുതിയിൽ രണ്ട് മിനിട്ടിന്റെ ഇടവേളയിൽ രണ്ടുഗോളുകൾനേടിയ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ളണ്ടിനെ മുന്നിലെത്തിച്ചു. 36,38 മിനിട്ടുകളിലായിരുന്നു ജൂഡിന്റെ ഗോളുകൾ. 42-ാം മിനിട്ടിൽ ജൂലിയൻ ക്വിനോനസിലൂടെ ഒരു ഗോൾ മെക്സിക്കോ തിരിച്ചടിച്ചിരുന്നു. 54-ാം മിനിട്ടിൽ യാറൽ ക്വാൻസ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഇംഗ്ളണ്ടിന് 10 പേരുമായി കളിക്കേണ്ടിവന്നു. എങ്കിലും 60-ാം മിനിട്ടിൽ ലഭിച്ച ഒരു പെനാൽറ്റി ഗോളാക്കി നായകൻ ഹാരി കേൻ ഇംഗ്ളണ്ടിന്റെ ലീഡ് 3-1ആയി ഉയർത്തി. 69-ാം മിനിട്ടിൽ റൗൾ ജിമിനെസ് എടുത്ത പെനാൽറ്റിയിലൂടെ മെക്സിക്കോ ഒരു ഗോൾകൂടി തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പ്രതിരോധം കടുപ്പിച്ച് ഇംഗ്ളണ്ട് അപകടമൊഴിവാക്കി.

80000ത്തോളം വരുന്ന മെക്സിക്കൻ ആരാധകരുടെ വായടപ്പിച്ചുകൊണ്ടാണ് 36-ാം മിനിട്ടിൽ ബുക്കായോ സാക്കയുടെ ഒരു ലോ ക്രോസിനെ ബോക്സിന് മുന്നിൽ നിലംപറ്റെ ഡൈവ് ചെയ്ത് ജൂഡ് തലകൊണ്ട് തട്ടി വലയിലേക്ക് കയറ്റിയത്. 98 സെക്കൻഡിനകം താൻ ഹാരി കേനിന് നൽകിയ പന്ത് തിരിച്ചുവാങ്ങി ജൂഡ് രണ്ടാം ഗോളും നേടി. ഒരു ഫ്രീകിക്ക് റീബൗണ്ട് ചെയ്തുവന്നത് പിടിച്ചെടുത്തായിരുന്നു ക്വിനോനസിന്റെ ആദ്യ ഗോൾ. തുടർന്ന് ഇംഗ്ളീഷ് ഗോളി ജോർദാൻ പിക്ഫോഡിന്റെ കിടിലൻ സേവുകൾ മെക്സിക്കോയ്ക്ക് വഴിമുടക്കി. ബോക്സിന് പുറത്തെ ഫൗളിനാണ് 54-ാം മിനിട്ടിൽ ക്വാൻസയ്ക്ക് സ്ട്രെയ്റ്റ് റെഡ് കിട്ടിയത്. ആന്തണി ഗോർഡനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് കേൻ ഇംഗ്ളണ്ടിന്റെ മൂന്നാം ഗോളാക്കിയത്. ബോക്സിനുള്ളിൽ ഹാരി കേൻ നടത്തിയ ഫൗളിന് വാർ പരിശോധിച്ചാണ് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്കെടുത്ത ജിമിനേസിന് പിഴച്ചില്ല.എന്നാൽ പിന്നീട് മെക്സിക്കൻ ശ്രമങ്ങൾ ഇംഗ്ളണ്ട് നിർവീര്യമാക്കി.

1986ൽ അർജന്റീനയ്ക്ക് എതിരായ ക്വാർട്ടർ ഫൈനലിൽ തോറ്റുപോയിരുന്ന സ്റ്റേഡിയത്തിലാണ് ഇംഗ്ളണ്ടിന്റെ ഇന്നലത്തെ വിജയം. മറഡോണയുടെ ദൈവത്തിന്റെ കൈകൊണ്ടുനേടിയ ഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്നത് 40 കൊല്ലം മുമ്പുള്ള ആ മത്സരത്തിലാണ്.

6

ഈ ലോകകപ്പിലെ ഹാരി കേനിന്റെ ആറാം ഗോൾ. ലോകകപ്പിലെ ആകെ ഗോൾ നേട്ടം 14. ഗെർഡ് മുള്ളറുടെ ഗോളെണ്ണത്തിനാെപ്പം.

2

1986ൽ ഡീഗോ മറഡോണയ്ക്ക് ശേഷം ആസ്റ്റെക് സ്റ്റേഡിയത്തിൽ ഇരട്ട ഗോളടിക്കുന്ന താരമായി ജൂഡ് ബെല്ലിംഗ്ഹാം.

ക്വാർട്ടറിൽ ഇംഗ്ളണ്ടും

നോർവേയും

ക്വാർട്ടർഫൈനലിൽ ഇംഗ്ളണ്ടിന് എതിരാളികളാവുന്നത് ബ്രസീലിനെ തോൽപ്പിച്ചെത്തിയ നോർവേയാണ്. ശനിയാഴ്ച രാത്രി മയാമിയിലാണ് മത്സരം.

ലോകകപ്പിൽ പെനാൽറ്റിയിൽ നിന്ന് ഗോളടിക്കുകയും പെനാൽറ്റിക്ക് വഴിയൊരുക്കുകയും ചെയ്ത ആദ്യ താരമായി ഹാരി കേൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360