SignIn
Kerala Kaumudi Online
Tuesday, 07 July 2026 1.46 AM IST

നോ, വേ... ബ്രസീൽ! പ്രീക്വാർട്ടറിൽ നോർവേയോട് തോറ്റ് പുറത്ത്

vaiking-row

ന്യൂയോർക്ക്: അഞ്ചുവട്ടം കപ്പുയർത്തിയ ബ്രസീലിനുമുന്നിൽ പ്രീക്വാർട്ടറിൽ വഴിയടച്ച് നോർവേ. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിക്കാൻ നോർവേയ്ക്ക് തുണയായത് 79, 90 മിനിട്ടുകളിലെ സൂപ്പർ താരം എർലിംഗ് ഹാലാൻഡിന്റെ ഇരട്ടഗോളുകൾ. 14-ാം മിനിട്ടിലെ പെനാൽറ്റിയുൾപ്പെടെ നിരവധി അവസരങ്ങൾ തുലച്ച ബ്രസീലിന്, ഒ‌ടുവിൽ ഇൻജുറിടൈമിലെ നെയ്മറുടെ പെനാൽറ്റി ഗോളിലൂടെ ആശ്വാസം കണ്ടെത്തേണ്ടിവന്നു. 1990നുശേഷം ആദ്യമായാണ് ബ്രസീൽ ലോകകപ്പിൽ ക്വാർട്ടറിന്‌ മുന്നേ മടങ്ങുന്നത്.

മറ്റൊരു പ്രീക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയെ തോൽവിയിലേക്ക് തള്ളിവിട്ട് ഇംഗ്ളണ്ട് ക്വാർട്ടർ ഫൈനലിലെത്തി. തിരപോലെ ഇരമ്പിയാർത്ത മെക്സിക്കൻ ആരാധകർക്ക് മുന്നിൽ 3- 2നായിരുന്നു ഇംഗ്ളീഷ് ജയം. ജൂഡ് ബെല്ലിംഗ്ഹാം ഇരട്ടഗോളടിച്ചപ്പോൾ ഹാരി കേൻ പെനാൽറ്റിയിലൂടെ വലകുലുക്കി. ജൂലിയൻ ക്വിനോനസും റൗൾ ജിമിനേസുമായിരുന്നു മെക്സിക്കൻ സ്കോറർമാർ.

നെയ്മർ ബൂട്ടഴിച്ചു

പലതവണ പരിക്കുകൾ വഴിമുടക്കിയ കരിയറിന് നോർവേയ്ക്കെതിരായ പെനാൽറ്റി ഗോൾനേട്ടത്തോടെ വിരാമമിട്ട് ബ്രസീലിയൻ ഇതിഹാസം നെയ്മർ. പെലെയ്ക്കുശേഷം നാലുലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ ബ്രസീലിയൻ താരമാണ് നെയ്മർ. ഈ ലോകകപ്പിൽ പരിക്കേറ്റതിനാൽ സ്കോട്ട്‌ലാൻഡിനെതിരെയും നോർവേയ്ക്ക് എതിരെയും പകരക്കാരനായി ഇറങ്ങാനേ കഴിഞ്ഞുള്ളൂ.

അർജന്റീന ഇന്ന് ഈജിപ്തിനോട്

ഇന്ന് രാത്രി 9.30ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ അർജന്റീന ഈജിപ്തിനെ നേരിടും. രണ്ടാംറൗണ്ടിൽ കേപ് വെർദേയ്ക്കെതിരെ ഭാഗ്യത്തിനാണ് മെസിയും സംഘവും രക്ഷപെട്ടത്. രാത്രി 1.30ന് മറ്റൊരു പ്രീക്വാർട്ടറിൽ കൊളംബിയ സ്വിറ്റ്സർലൻഡിനെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360