
പ്രീ ക്വാർട്ടറിൽ കാനഡയെ 3-0ത്തിന് തകർത്ത് മൊറോക്കോ
കഴിഞ്ഞ സെമിയിൽ തോൽപ്പിച്ച ഫ്രാൻസുമായി ഇക്കുറി ക്വാർട്ടർ
ഹൂസ്റ്റൺ : നാലുകൊല്ലം മുമ്പ് ഖത്തറിൽ തങ്ങളുടെ സ്വപ്നങ്ങൾ സെമിഫൈനലിൽ തകർത്തുകളഞ്ഞ ഫ്രാൻസിനോട് പകവീട്ടാൻ മൊറോക്കോയ്ക്ക് ക്വാർട്ടറിൽ അവസരമൊരുങ്ങി. കഴിഞ്ഞ രാത്രി ഹൂസ്റ്റണിൽ നടന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് സഹ ആതിഥേയരായ കാനഡയെ തോൽപ്പിച്ചാണ് മൊറോക്കോ തുടർച്ചയായ രണ്ടാം ലോകകപ്പിലും അവസാന എട്ടിലെത്തിയത്. രണ്ടാം പകുതിയിലാണ് മൊറോക്കോ മൂന്ന് ഗോളുകളും നേടിയത്. ഇരട്ട ഗോളുകൾ നേടിയ അസദിൻ ഔനാഹിയും ഒരു ഗോളടിച്ച സൂഫിയാൻ റഹീമിയുമാണ് വിജയമൊരുക്കിയത്.
കളിയുടെ തുടക്കത്തിൽ തുടർച്ചയായി മൊറോക്കോ ഹാഫിലേക്ക് ഇരച്ചുകയറിയ കാനഡക്കാർക്ക് പിന്നീട് ആ ആവേശം നിലനിറുത്താനായില്ല. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവന്ന മൊറോക്കോക്കാർ ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലാക്കിയാണ് വിജയം ആധികാരികമാക്കിയത്. അവസാന രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ബ്രാഹിം ഡയസാണ്. ഒരു ലോകകപ്പിൽ നാല് അസിസ്റ്റുകൾ നൽകുന്ന ആദ്യ ആഫ്രിക്കൻ താരമായും ബ്രാഹിം മാറി.
ഈ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ആതിഥേയരാണ് കാനഡ. രണ്ടാം റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ ഏകഗോളിന് തോൽപ്പിച്ചാണ് കാനഡ പ്രീ ക്വാർട്ടറിൽ എത്തിയത്. മൊറോക്കോ രണ്ടാം റൗണ്ടിൽ ഹോളണ്ടിനെ ഷൂട്ടൗട്ടിൽ തോൽപ്പിക്കുകയായിരുന്നു.
ഗോളുകൾ ഇങ്ങനെ
1-0
50-ാം മിനിട്ട്
അസദിൻ ഔനാഹി
ഒരു സെറ്റ്പീസിൽ നിന്ന് കിട്ടിയ പന്ത് കനേഡിയൻ ഡിഫൻഡർമാർക്കിടയിലൂടെ വലയിലേക്ക് ചെത്തിയിട്ടാണ് ഔനാഹി സ്കോർബോർഡ് തുറന്നത്.
2-0
82-ാം മിനിട്ട്
അസദിൻ ഔനാഹി
വലതുവിംഗിൽ നിന്ന് ബ്രാഹിം ഡയസ് അളന്നുമുറിച്ചുനൽകിയ ക്രോസാണ് ഔനാഹി തന്റെ രണ്ടാം ഗോളാക്കി മാറ്റിയത്.
3-0
90+8-ാം മിനിട്ട്
സൂഫിയാൻ റഹീമി
മൊറോക്കോയുടെ അവസാനഗോളിനും വഴിയൊരുക്കിയത് ബ്രാഹിം ഡയസ്. പകരക്കാരനായെത്തിയാണ് റഹീമി ഗോളടിച്ചത്.
2022ലെ സെമി
ലോകകപ്പ് സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായി ചരിത്രം കുറിച്ച മൊറോക്കോയെ ഫ്രാൻസ് കീഴടക്കിയത് 2-0 ത്തിന് . അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസും 79-ാം മിനിട്ടിൽ കോലോ മുവാനിയുമാണ് സ്കോർ ചെയ്തത്. ആ മത്സരത്തിൽ കളിച്ച ഔനാഹിയും ഹക്കീമിയും ബൗനോയുമൊക്കെ മൊറോക്കോ ടീമിലും എംബാപ്പെയും ഡെംബലെയും ഫ്രഞ്ച് ടീമിലുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |