SignIn
Kerala Kaumudi Online
Friday, 10 July 2026 1.28 AM IST

ക്വാർട്ടറിൽ കട്ടക്കലിപ്പ്

world-cup

സെമിയിലിടം തേടി സ്പെയ്നും ബെൽജിയവും

ലോസാഞ്ചലസ് : ലോകകപ്പിന്റെ അവസാന നാലിലേക്ക് കണ്ണുനട്ട് യൂറോപ്പിലെ രണ്ട് പ്രബലന്മാർ ഇന്ന് കളത്തിലിറങ്ങുന്നു. നിലവിലെ യൂറോകപ്പ് ജേതാക്കളായ സ്പെയ്നും അട്ടിമറി വീരന്മാരെന്ന് പേരെടുത്തിട്ടുള്ള ബെൽജിയവും. കിരീടപ്രതീക്ഷയുമായി ലോകകപ്പിനെത്തിയ സ്പെയ്ൻ ആദ്യ മത്സരത്തിൽ കേപ്പ് വെർദേയുമായി ഗോൾരഹിത സമനിലയിൽ കുരുങ്ങിയതൊഴിച്ചാൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ബെൽജിയമാകട്ടെ ആദ്യ രണ്ട് മത്സരങ്ങളിൽ സമനിലവഴങ്ങിയ ശേഷമാണ് വിജയവഴിയിലേക്കെത്തിയത്. യുവതാരങ്ങളെയും പരിചയസമ്പന്നരെയും സമന്വയിപ്പിച്ചാണ് കോച്ച് ലൂയിസ് ഡി ലാ ഫ്യുവന്റേ സ്പാനിഷ് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. യൂറോപ്പിലെ ഇക്കാലത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡറെന്ന് നിസംശയം പറയാവുന്ന റൊഡ്രി നയിക്കുന്ന സ്പാനിഷ് ടീമിൽ 18കാരൻ ലാമിൻ യമാലും 19കാരൻ പാവു കുബാർസിയുമുണ്ട്. ഡാനി ഓൾമോ, പെഡ്രി, പെഡ്രോ, അലക്സ് ബയേന, ലാപോർട്ടെ,കുക്കറെല്ല തുടങ്ങിയ ഒരുപിടി മികച്ച താരങ്ങളും ഒപ്പമുണ്ട്.

മറുവശത്ത് ആദ്യ മത്സരങ്ങളിൽ വെറ്ററൻ പടയെന്ന് പേരുദോഷം കേൾപ്പിച്ചെങ്കിലും പിന്നീട് ഗോളടിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബെൽജിയം. ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ടു ഗോളുകൾ മാത്രം നേടിയ ബെൽജിയം പിന്നീട് മൂന്ന് കളികളിൽ നിന്ന് 12ഗോളുകൾ നേടിക്കഴിഞ്ഞു. വെറ്ററൻസായ കെവിൻ ഡിബ്രുയാനും റൊമേലു ലുക്കാക്കുവും തന്നെയാണ് ഇപ്പോഴും സ്റ്റാർ അട്രാക്ഷനെങ്കിലും യൂറി ടിയെലിമാൻസ്,ലിയാൻഡ്രോ ട്രൊസാഡ്, തിമോത്തി കാസ്റ്റെയ്ൻ,കഴിഞ്ഞകളിയിൽ ഇരട്ട ഗോളടിച്ച ചാൾസ് ഡി കെറ്റലെയർ തുടങ്ങി മികച്ച താരനിരതന്നെ ബെൽജിയത്തിനുണ്ട്. തുടക്കത്തിലൊന്ന് പതറിയാലും സൂപ്പർ സബ്ബായി ഇറങ്ങി ഗോളടിക്കുന്ന ലുക്കാക്കുവുള്ളത് ബെൽജിയത്തിന് ഉൗർജം പകരുന്നു. കഴിഞ്ഞകളിയിൽ പരിക്കുമൂലം വിശ്രമം അനുവദിച്ച കെവിൻ ഡി ബ്രുയാൻ ഇന്നിറങ്ങുന്നത് ടീമിന് ആത്മവിശ്വാസം

പകരും.

കുലുങ്ങുമോ ഇന്നെങ്കിലും

സിമോണിന്റെ വല

ഈ ലോകകപ്പിൽ ഗോൾ വഴങ്ങാത്ത ഏക ഗോളിയാണ് സ്പെയ്നിന്റെ ഉനേയ് സിമോൺ.കഴിഞ്ഞ ലോകകപ്പിലും ഈ ലോകകപ്പിലുമായി 609 മിനിട്ടാണ് സിമോൺ തന്റെ വല ചലിക്കാതെ സൂക്ഷിച്ചത്. 519 മിനിട്ടുകൾ വലകാത്ത വാൾട്ടർ സെംഗയു ടെ ലോകകപ്പ് റെക്കാഡ് കഴിഞ്ഞ മത്സരത്തിൽതന്നെ സിമോൺ തകർത്തിരുന്നു. 9 ഗോളുകൾ അടിച്ചപ്പോഴാണ് ഒരു ഗോൾ പോലും സ്പെയ്ൻ വഴങ്ങാതിരുന്നത്.

മറുവശത്ത് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ ഗോളിയായ ടിബോ കുർട്ടോയാണ് ബെൽജിയത്തിന്റെ വലകാക്കുന്നത്.2018 ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ളൗ പുരസ്കാരത്തിന് ഉടമയാണ് ഈ 34കാരൻ. പഴയ ഫോമിലെത്തു ന്നില്ലെങ്കിലും മികച്ച റിഫ്ളക്സുകൾക്കുടമ. ഈ ലോകകപ്പിൽ ഇതുവ‌രെ 5 ഗോളുകൾ വഴങ്ങി.

ക്വാർട്ടറിലേക്കുള്ള വഴി

സ്പെയ്ൻ

1. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കേപ്പ് വെർദേയോട് ഗോൾരഹിത സമനില.

2. രണ്ടാം മത്സരത്തിൽ സൗദി അറേബ്യയ്ക്ക് എതിരെ 4-0ത്തിന്റെ തകർപ്പൻ വിജയം.

3.അവസാന മത്സരത്തിൽ ഉറുഗ്വേയെ 1-0ത്തിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാർ.

4. രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രിയയെ കീഴടക്കിയത് 3-0ത്തിന്.

5. പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിൽ ഇൻജുറി ടൈം ഗോളിൽ ജയം.

ബെൽജിയം

1. ഗ്രൂപ്പ് ജിലെ ആദ്യ മത്സരത്തിൽ ഈജിപ്തിനോട് 1-1ന് സമനില.

2. രണ്ടാം മത്സരത്തിൽ ഇറാനുമായി ഗോൾരഹിത സമനില.

3. 5-1ന് ന്യൂസിലാൻഡിനെ 5-1ന് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കൾ.

4.രണ്ടാം റൗണ്ട് പോരാട്ടത്തിൽ സെനഗലിനെ കീഴടക്കിയത് 3-2ത്തിന്.

5. അമേരിക്കയ്ക്ക് എതിരായ പ്രീക്വാർട്ടറിൽ ജയം ഒന്നിനെതിരെ നാലുഗോളിന്.

23

മത്സരങ്ങളിലാണ് ഇതുവരെ സ്പെയ്നും ബെൽജിയവും ഏറ്റുമുട്ടിയിട്ടുള്ളത്. 12 വിജയങ്ങൾ സ്പെയ്നിന്. 5 ജയം ബെൽജയത്തിന് . 6 കളികളിൽ സമനില.

1-1

ലോകകപ്പിൽ ഇതുവരെ ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1986ലെ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബെൽജിയം ജയിച്ചു. 1990ൽ ഗ്രൂപ്പ് റൗണ്ടിൽ 2-1ന് സ്പെയ്ൻ ജയിച്ചു.

11

ഇരുവരും തമ്മിലുള്ള കഴിഞ്ഞ 11 മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാൻ ബെൽജിയത്തിന് കഴിഞ്ഞിട്ടില്ല. അവസാന 5 നേർക്കുനേർ പോരാട്ടങ്ങളിൽ സ്പെയ്ൻ നേടിയത് 13 ഗോളുകൾ. ബെൽജിയമടിച്ചത് ഒന്നുമാത്രം.

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനിലവഴങ്ങിയശേഷം ഗ്രൂപ്പ് ചാമ്പ്യന്മാരായവരാണ് ഇരു ടീമുകളും. ഒരുകളിപോലും തോൽക്കാതെയാണ് ഇരുടീമുകളും ക്വാർട്ടറിലെത്തിയത്. സ്പെയ്നിന് നാലുജയങ്ങൾ,ഒരു സമനില. ബെൽജിയത്തിന് മൂന്ന് ജയങ്ങൾ രണ്ട് സമനിലകൾ.

4-2-3-1

ശൈലിയിലാണ് ബെൽജിയം കളിക്കുന്നത്.

4-1-3-2

ശൈലിയാണ് സാധാരണയായി സ്പെയ്നിന്റേത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360