തിരുവനന്തപുരം : സംസ്ഥാനത്തെ കായിക അസോസിയേഷനുകളുടെ പ്രവർത്തനവിവരങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളും ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിക്കാൻ കായിക വകുപ്പ് നടപടികൾ തുടങ്ങി.ഇതിന്റെ ആദ്യപടിയായി ഓരോ കായിക അസോസിയേഷനും ഡേറ്റ കളക്ഷനുവേണ്ടി 50 പേജ് വരുന്ന ചോദ്യാവലി നൽകി. ഏഴുദിവസത്തിനകം പൂരിപ്പിച്ച് നൽകണമെന്നാണ് നിർദ്ദേശം.കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്താണ് വിവരശേഖരണ പദ്ധതിക്ക് രൂപം നൽകിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിലിൽ നിന്ന് സാമ്പത്തികസഹായം ലഭിക്കുന്നില്ലെന്ന് കായിക അസോസിയേഷനുകൾക്ക് പരാതിയുണ്ടായിരുന്നു. പല അസോസിയേഷനുകളെയുംകുറിച്ച് കായികതാരങ്ങളും പരാതികൾ ഉയർത്തിയിരുന്നു. എന്താണ് സംസ്ഥാനത്തെ കായിക അസോസിയേഷനുകളുടെ നിലവിലെ അവസ്ഥ എന്ന് കൃത്യമായി മനസിലാക്കാനാണ് വിവരശേഖരണം നടത്തുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഓരോ കായിക ഇനത്തിലും കഴിഞ്ഞകാലങ്ങളിൽ എന്തൊക്കെയാണ് നടന്നതെന്ന് മനസിലാക്കി സാമ്പത്തിക സഹായമു ൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് കായികവകുപ്പിന്റെ പദ്ധതി. നന്നായി പ്രവർത്തിക്കുന്നവരെ തിരിച്ചറിയുന്നതിനും കടലാസിലൊതുങ്ങുന്ന സംഘടനകളെ കണ്ടെത്തുന്നതിനും ഡാറ്റ കളക്ഷൻ സഹായകരമാകും.
അതേസമയം വിപുലമായ ചോദ്യാവലി പൂരിപ്പിച്ചുനൽകാൻ ഏഴുദിവസത്തെമാത്രം സമയം അനുവദിച്ചതിൽ പല അസോസിയേഷനുകൾക്കും പരാതിയുണ്ട്. എല്ലാ രേഖകളും സ്പോർട്സ് കൗൺസിലിൽ സമർപ്പിച്ചാണ് അംഗീകാരം നേടിയെതെന്നും പിന്നെയെന്തിനീ പരിശോധനയെന്നുളള മുറുമുറുപ്പുകളും ഉയരുന്നുണ്ട്. വിവരങ്ങൾ നൽകാൻ ഒരാഴ്ചകൂടി സമയം അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്.
'ചോയ്ച്ചുചോയ്ച്ച് പോകാം"
കായികവകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയിൽ 48 വിഭാഗങ്ങളിലായി നൂറുകണക്കിന് വിവരങ്ങളാണ് നൽകേണ്ടത്. സംഘടനയുടെ രജിസ്ട്രേഷൻ മുതൽ സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ പട്ടികയും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ വിശദാംശങ്ങളും നൽകണം. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ മത്സരങ്ങളുടെ വിവരങ്ങളും അതിന്റെ വരവുചെലവുകണക്കുകളും,ജില്ലാതലം മുതൽ ഗ്രാസ്റൂട്ട് ഡെവലപ്പ്മെന്റിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ, അഫിലിേറ്റഡ് ക്ളബുകളുടെയും കളിക്കാരുടേയും വിവരങ്ങൾ തുടങ്ങി ഒരേകായിക ഇനത്തിൽ രണ്ടോ മൂന്നോ സംഘടനകളുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾവരെ വ്യക്തമാക്കണം. ചോദ്യങ്ങൾക്ക് വെറുതേ മറുപടി നൽകിയാൽ മതിയാവില്ലെന്നും ആവശ്യമായ രേഖകൾ ഒപ്പമുണ്ടാകണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
നമ്മുടെ കായികമേഖലയെക്കുറിച്ച് പ്രമുഖ കായിക താരങ്ങളടക്കം പരാതികൾ പറഞ്ഞിരുന്നു.കായിക അസോസിയേഷനുകൾക്ക് പണികൊടുക്കാൻ വേണ്ടിയല്ല വിവരശേഖരണം. എന്താണ് നടക്കുന്നതെന്ന കൃത്യമായ ധാരണ ലഭിക്കാനാണ്. വിവരങ്ങൾ വിശകലനം ചെയ്ത് വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ അസോസിയേഷനുകൾക്ക് സമയം നൽകും. ഗ്രാന്റ ് വിതരണത്തിലുൾപ്പടെ ശരിയായ തീരുമാനങ്ങളെടുക്കാനുള്ള പ്രാരംഭപ്രവർത്തനമാണിത്.
- എൻ. പ്രശാന്ത്
സ്പെഷ്യൽ സെക്രട്ടറി
കായിക വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |