
പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ചാമ്പ്യന്മാർ. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ചാണ് കേരളം കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 18.3 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തകർപ്പൻ ബൗളിംഗിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തെ ഓപ്പണർമാരായ കിരൺ നവ്ഗിരെയുടെയും (34), ടി. ഷാനിയുടെയും (30) ബാറ്റിംഗാണ് ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. 15 പന്തുകളിൽ 24 റൺസെടുത്ത നജ്ല സി.എം.സി.യുടെയും ആറ് പന്തുകളിൽ 15 റൺസെടുത്ത നിയ നസ്നീന്റെയും പ്രകടനവും ശ്രദ്ധേയമായി. ഹിമാചൽപ്രദേശിനു വേണ്ടി നീന ചൗധരി നാല് വിക്കറ്റുകൾ വീഴ്ത്തി.
ഹിമാചൽപ്രദേശ് ബാറ്റിംഗ് നിരയിൽ 40 റൺസെടുത്ത ഹർലീൻ ഡിയോളും 30 റൺസെടുത്ത ഹിമാൻഷി മേത്തയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. നാല് ഓവറിൽ രണ്ട് മെയ്ഡനടക്കം എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീനാണ് ഹിമാചലിനെ തകർത്തത്. മൃദുല വി. എസ്., ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ സീചെം ട്രോഫിയുടെ അണ്ടർ 19 വിഭാഗത്തിലും കേരളം കിരീടം നേടിയിരിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |