കേപ് ടൗൺ: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ മത്സരത്തെക്കാളധികം ശ്രദ്ധിക്കപ്പെട്ടത് ഗ്യാലറിയിൽനിന്നുള്ള ഒരു ദൃശ്യമാണ്. ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കിൾട്ടണെ ലക്ഷ്യമിട്ട് ആരാധകൻ ഉയർത്തിപ്പിടിച്ച പ്ലക്കാർഡാണ് വൈറലായിരിക്കുന്നത്.
കേപ് ടൗണിലെ ന്യൂലാൻഡ്‌സ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയുടെ ബാറ്റിംഗിനിടെയായിരുന്നു സംഭവം. ജെറാൾഡ് കോട്‌സിയുടെ ഓവറിൽ കൂപ്പർ കൊണോളിയും മിച്ചൽ സ്റ്റാർക്കും ബാറ്റ് ചെയ്യുന്നതിനിടെ ടെലിവിഷൻ ക്യാമറ ഗ്യാലറിയിലിരിക്കുന്നവരിലൊരാളുടെ നേർക്ക് തിരിഞ്ഞു. അയാളുടെ കൈയിലിരുന്ന പ്ലക്കാർഡിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.
'റയാൻ റിക്കിൾട്ടൺ, നിങ്ങളുടെ അമ്മ സിംഗിളാണോ?'. മത്സരത്തിന്റെ തിരക്കിനിടയിൽ റിക്കിൾട്ടൺ ഇത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, സഹതാരങ്ങൾ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിലേക്ക് നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് താരം പ്ലക്കാർഡിലെ സന്ദേശം കണ്ടത്. ഇതോടെ ആരാധകൻ റിക്കിൾട്ടണെ നോക്കി ഫ്ലയിംഗ് കിസ് നൽകുകയും ചെയ്‌തു. ഇതുകണ്ട താരത്തിന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലാണ്. അമ്മ സിംഗിളാണോയെന്ന ചോദ്യത്തിന് അല്ലയെന്ന് മറുപടി നൽകുന്ന വിധത്തിൽ തലകുലുക്കിയ താരം പിന്നീട് മത്സരത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി.
അതേസമയം, മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ 83 പന്തിൽ 42 റൺസാണ് റിക്കിൾട്ടൺ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 329 റൺസിന് പുറത്തായി. ഡർബനിൽ ആദ്യ ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ റിക്കിൾട്ടണിന് രണ്ട് ഇന്നിംഗ്‌സുകളിലും തിളങ്ങാനായില്ല. കെബെർഹയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഒരിക്കൽ മാത്രമാണ് റിക്കിൾട്ടൺ ബാറ്റ് ചെയ്‌തത്. അന്ന് 31 റൺസ് നേടിയ താരം ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് വിജയത്തിൽ പങ്കാളിയായി. ഇതോടെ പരമ്പര 1-1ന് സമനിലയിലാകുകയായിരുന്നു.
A fan went viral during the third Test between South Africa and Australia after holding up a placard asking Ryan Rickelton, "Is your mom single?" The South African wicketkeeper-batter reacted with a smile after spotting the message on the stadium screen.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |