
കോഴിക്കോട് :പട്ടിണിയും ദുരിതങ്ങളും മാത്രം സമ്മാനിച്ച ആ ചെറിയ വീട്ടിൽ നനയാതെ സൂക്ഷിച്ചിരിക്കുന്നത് അമീഷ ഓടിയെടുത്ത മെഡലുകളും ഫലകങ്ങളും സൂക്ഷിക്കുന്ന പഴയ അലമാര മാത്രമാണ്. എറണാകുളം നായരമ്പലം ബി.വി.എച്ച്.എസ്.എസിലെ ഏഴാംക്ലാസുകാരി അമീഷ, സംസ്ഥാന സ്കൂൾ കായികമേളയിലെ സബ് ജൂനിയർ 600 മീറ്ററിൽ പൊന്നണിഞ്ഞത് ഈ പ്രതിസന്ധികളുടെ നടുവിലിരുന്നാണ്.
സിന്തറ്റിക് ട്രാക്കുകളുടെ ആഡംബരമോ പരിശീലന സൗകര്യങ്ങളോ ഈ പന്ത്രണ്ടുകാരിക്ക് അന്യമാണ്. സ്കൂളിനോട് ചേർന്നുള്ള പൂഴിനിറഞ്ഞ പരുക്കൻ ക്ഷേത്രമൈതാനത്ത് ഓടിത്തഴമ്പിച്ചാണ് വൈപ്പിൻ നെടുങ്ങാട് സ്വദേശിനി ട്രാക്കിൽ അദ്ഭുതങ്ങൾ തീർക്കുന്നത്. ജില്ലാ മീറ്റിലെ വ്യക്തിഗത ചാമ്പ്യനും ട്രയാത്തൺ റെക്കോർഡ് ജേതാവുമായ അമീഷയുടെ വിജയത്തിന്റെ തിളക്കം പുറത്തുമാത്രമാണ്; വീടിനുള്ളിൽ ആ കുടുംബത്തിന്റെ നെഞ്ചിടിപ്പിന് ഇന്നും ചൂട് കുറഞ്ഞിട്ടില്ല. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ ജനീഷും നേവൽ ബേസ് ജീവനക്കാരിയായ അമ്മ സ്മിതയും അടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചോർന്നൊലിക്കുന്ന വീട്ടിലാണ് താമസം. ഒപ്പം കിടപ്പുരോഗിയായ അപ്പൂപ്പനും അമ്മൂമ്മയും.
ഇതിനുപുറമേയാണ് ആ കുടുംബത്തിന്റെ തലയ്ക്ക് മുകളിൽ വാളോങ്ങിനിൽക്കുന്ന ജപ്തി ഭീഷണി. വിവാഹ ആവശ്യത്തിനായി വീടിന്റെ ആധാരം പണയപ്പെടുത്തി എടുത്ത മൂന്നുലക്ഷം രൂപ ഇന്ന് പലിശ ഉൾപ്പെടെ ഇരട്ടിയിലേറെയായി പെരുകി. തലയ്ക്ക് മുകളിലെ ആ കൂര എപ്പോൾ വേണമെങ്കിലും ബാങ്ക് അധികാരികൾ സീൽ വെച്ചേക്കാം. സ്വന്തം കുടുംബത്തിന് ചോരാത്തൊരു മേൽക്കൂര തീർക്കാനാകുമോ എന്ന നോവുമായാണ് അമീഷ ഓടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |