SignIn
Kerala Kaumudi Online
Saturday, 31 October 2026 1.59 AM IST

സ്വർണ നിവേദ്യം

sports

ട്രിപ്പിൾ സ്വർണവുമായി പാലക്കാട്ടുകാരി നിവേദ്യ

കോഴിക്കോട്: ട്രാക്കിലിറങ്ങിയാൽ സ്വർണം മാത്രമാണ് കെ.നിവേദ്യയുടെ ലക്ഷ്യം. മത്സരിച്ച ഇനങ്ങളിലെല്ലാം മികവ് തെളിയിച്ച് ഈ കായികമേളയിലും സ്വർണവേട്ട തുടരുകയാണ് ഈ പാലക്കാട്ടുകാരി. ഇന്നലെ നടന്ന സീനിയർ ഗേൾസ് 800 മീറ്റർ മത്സരത്തിൽ 2 മിനിട്ട് 16 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയതോടെ നിവേദ്യയുടെ അക്കൗണ്ടിലെത്തിയത് മൂന്നാം സ്വർണം. 400, 1500 മീറ്ററുകളിലായിരുന്നു മറ്റ് സ്വർണനേട്ടങ്ങൾ.

കഴിഞ്ഞ വർഷവും ഈ മൂന്ന് ഇനങ്ങളിലും സ്വർണം നേടിയിരുന്നു. 2024ൽ 800, 1500 മീറ്ററുകളിൽ സ്വർണവും 400 മീറ്ററിൽ വെങ്കലവും നേടി. 2023ലും 800, 1500 മീറ്ററുകളിൽ സ്വർണം സ്വന്തമാക്കി. 2022ൽ 200, 400 മീറ്ററുകളിലായിരുന്നു സ്വർണനേട്ടം. പാലക്കാട് വണ്ടൂർ വി.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. സൂര്യകിരൺ അത്‌ലറ്റിക് അക്കാഡമിയിലാണ് പരിശീലനം. കഴിഞ്ഞ എട്ടുവർഷമായി കോച്ച് അജയകുമാറിന്റെ കീഴിലാണ് പരിശീലനം. തേൻകുറിശി കല്പാംകുളങ്ങര സഞ്ജുഭവനിൽ ശാന്തിയുടെ മകളാണ്. നാട്ടിലൊരു ആശ്രമത്തിലാണ് അമ്മ ജോലി ചെയ്യുന്നത്.

കൊവിഡ് കാലത്ത് വെറുതെയിരുന്ന് സമയം കളയേണ്ടെന്ന ചിന്തയിലാണ് നിവേദ്യ സൂര്യകിരൺ അത്‌ലറ്റിക് അക്കാഡമിയിൽ പരിശീലനത്തിനെത്തിയത്. പിന്നീട് ഇത് പാഷനായി മാറി. ഇന്ന് ദേശീയതലത്തിലടക്കം മെഡലുകൾ വാരിക്കൂട്ടുന്ന കായികതാരമായി നിവേദ്യ വളർന്നു. 2023ൽ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ 800 മീറ്ററിൽ സ്വർണം നേടി. കഴിഞ്ഞ വർഷം 1500 മീറ്ററിൽ വെങ്കലവും 400 മീറ്റർ റിലേയിൽ സ്വർണവും സ്വന്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360