
കൊച്ചി: കടലിനോട് മല്ലിട്ട് 1.9 കിലോമീറ്റർ നീന്തൽ, തീരത്ത് എത്തിയാൽ വിശ്രമിക്കാതെ കുന്നുകൾ താണ്ടി 90 കിലോമീറ്റർ സൈക്ലിംഗ്, പിന്നെ 21.1 കിലോമീറ്റർ ഓട്ടം... 8.46 മണിക്കൂറിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ദൗത്യം പൂർത്തിയാക്കിയപ്പോൾ ദൃക്സാക്ഷികൾ പറഞ്ഞു - ''ദി റിയൽ അയൺമാൻ!"".
ഗോവയിൽ സംഘടിപ്പിച്ച അയൺമാൻ 70.3 ട്രയാത്‌ലണിലായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ മാസ് പ്രകടനം. സ്പോർട്സിൽ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ന്യായാധിപനാണ് 57കാരനായ ബെച്ചു.
ജോലിത്തിരക്കിനിടയിലും വ്യായാമത്തിനും കായികവിനോദങ്ങൾക്കും പ്രധാന്യം നൽകുന്നയാളാണ് ബെച്ചു കുര്യൻ. വിവിധ രാജ്യങ്ങളിൽ നിന്നായി 1650 പേരാണ് ഗോവയിൽ കളത്തിലിറങ്ങിയത്. 400 പേർ മത്സരം പൂർത്തിയാക്കാതെ പിന്മാറിയിടത്താണ് 57 കാരനായ ബെച്ചു കുര്യൻ വെന്നിക്കൊടി പാറിച്ചത്.
കേസ് പഠിക്കാനും കേൾക്കാനും വിധിന്യായങ്ങൾ എഴുതാനുമൊക്കെയായി ഒരു ന്യായാധിപൻ ദിവസം 18 മണിക്കൂർ ചെലവഴിക്കേണ്ടിവരും. ഈ ഇരിപ്പിനിടയിൽ അവരറിയാതെ ആരോഗ്യം മോശമാകും. അതിനെ മറികടന്ന് ആരോഗ്യം നിലനിർത്തുക എന്നതാണ് ഈ സാഹസികതയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പറയുന്നു. ബാഡ്മിന്റൺ ആണ് ഇഷ്ടയിനം. ക്രിക്കറ്റും പ്രിയമാണ്.
പ്രചോദനം മകൻ,
ഒരു മണിക്കൂർ പരിശീലനം
ഒരേസമയം മൂന്ന് കായിക ഇനങ്ങൾ തുടർച്ചയായി പങ്കെടുക്കേണ്ടി വരുന്ന ഒരു മൾട്ടി-സ്‌പോർട്സ് മത്സരമാണ് ട്രയാത്‌ലൺ. നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവയാണ് ട്രയാത്‌ലണിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്ന് പ്രധാന കായിക ഇനങ്ങൾ. ഈ മൂന്നിനങ്ങളിലും താരങ്ങൾ വിശ്രമമില്ലാതെ മത്സരിക്കണം.
ട്രയാത്‌ലൺ ഇനങ്ങളിലെ ഏറ്റവും കടുപ്പമേറിയതാണ് അയൺമാൻ ട്രയാത്‌ലൺ
അയൺമാൻ ട്രയാത്‌ലണിൽ ഒരുശ്രമം നടത്തുന്നതിന് ബ്രിട്ടനിൽ ഉപരിപഠനം നടത്തുന്ന മകൻ തരുണിന്റെ പ്രകടനം ബെച്ചുവിന് പ്രചോദനമായി.
ദിനംപ്രതി ഒരു മണിക്കൂർ പരിശീലനത്തിനായി മാറ്റിവച്ചു. അമേരിക്കയിൽ അഭിഭാഷകയായ മകൾ സുസാൻ കുര്യനും പിന്തുണയേകി.
ഗോവയിൽ ഓരോ ഘട്ടത്തിലും കൈയടിയുമായി ഭാര്യ മറിയം ജോർജും (മീനു) മരുമകൾ മിറിയം ജോസഫും ഉണ്ടായിരുന്നു.
സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |