
തിരുവനന്തപുരം : മൂന്നാറിൽ ജനിച്ച ഒളിമ്പിക് സ്വർണജേതാവിന്റെ മലയാളിത്ത പരിശോധന രണ്ട് കളക്ടറേറ്റിന്റെ ഇട്ടാവട്ടത്തിൽ കറങ്ങുന്നു. തന്നെ മലയാളിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പിക് ഹോക്കി സ്വർണമെഡൽ ജേതാവ് അലൻ സ്‌കോഫീൽഡിന്റെ അപേക്ഷയാണ് കോട്ടയം, ഇടുക്കി കളക്ടർമാരുടെ അന്വേഷണ റിപ്പോർട്ടിനായി കറങ്ങുന്നത്. തന്നെ മലയാളിയായി അംഗീകരിക്കണമെന്ന സ്‌കോഫീൽഡിന്റെ അപേക്ഷയെപ്പറ്റി ഇന്നലെ കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്തത്.
മൂന്നാറിൽ ജനിച്ചെങ്കിലും കോട്ടയം കഞ്ഞിക്കുഴിയിലായിരുന്നു വളർന്നത്. പത്ത് വർഷം മുമ്പ് നൽകിയ അപേക്ഷ രണ്ടുമാസം മുമ്പാണ് സ്‌പോർട്സ് ഡയറക്ടറേറ്റ് അന്വേഷണ റിപ്പോർട്ട് നൽകാനായി കളക്ടർമാർക്ക് അയച്ചത്. നടപടിയൊന്നുമാകാത്തതിനാൽ സ്‌കോഫീൽഡ് രണ്ട് മാസം മുമ്പ് സ്‌പോർട്സ് ഡയറക്ടറേറ്റിലെത്തി കൈവശമുണ്ടായിരുന്ന രേഖകൾ സമർപ്പിച്ചു. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായാണ് വിവരങ്ങൾ കളക്ടർമാർക്ക് കൈമാറിയത്. 1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഹോക്കി ടീമിലെ ഗോൾകീപ്പറായിരുന്നു അലൻ. ശ്രീലങ്കയിൽ തേയില പ്ളാന്ററായിരുന്ന അലന്റെ പിതാവ് ജോർജ് സ്കോഫീൽഡ് മൂന്നാറിലെത്തുകയും കോട്ടയം കഞ്ഞിക്കുഴിക്കാരി ഗ്രേസ് തോമസിനെ വിവാഹം ചെയ്യുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |