മുംബയ്: ഐ.എ.എസ് എന്ന സ്വപ്നം, യുപിഎസ്‌സി പരിശീലനം, പിന്നെ ജനപ്രിയ ടെലിവിഷൻ പരിപാടിയായ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോയിൽ മത്സരിക്കാനുള്ള ആഗ്രഹം. ജീവിതത്തിൽ പലവഴികളിലൂടെ ഭാഗ്യം പരീക്ഷിച്ചിട്ടും വിജയിക്കാനാകാതെ വന്നതോടെ മോഷണത്തിനിറങ്ങിയ യുപിഎസ്‌സി ഉദ്യോഗാർത്ഥി ഒടുവിൽ പൊലീസിന്റെ പിടിയിലായി. മുംബയിലെ ജ്വല്ലറിയിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ സ്വർണമാല കവർന്ന് ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഡൽഹി സ്വദേശി സതീഷ് കുമാർ കൃഷ്ണപ്രസാദ് കേസരിയെയാണ് (42) മുംബയ് പൊലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ബീഹാർ സ്വദേശിയായ സതീഷ് ഡൽഹിയിലെ ഉത്തം നഗറിലായിരുന്നു താമസം. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇയാൾ ഐ.എ.എസ് ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹത്തോടെയാണ് ഡൽഹിയിലെത്തിയത്. ജോലിക്കൊപ്പം പാർട്ട് ടൈമായി ജോലി ചെയ്തും യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തും ലക്ഷ്യത്തിലെത്താൻ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല.
തുടർന്നാണ് ടെലിവിഷൻ പരിപാടിയായ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിച്ചത്. എന്നാൽ മത്സരത്തിന്റെ പ്രാഥമിക ഘട്ടമായ 'ഫാസ്റ്റസ്റ്റ് ഫിംഗർ ഫസ്റ്റ്' കടക്കാനായില്ല. പരിപാടിയിലെ ഹോട്ട് സീറ്റിലെത്തണമെന്ന ആഗ്രഹവും ഇതോടെ പൊലിഞ്ഞു. പിന്നീട് ഭാര്യയ്‌ക്കൊപ്പം ടൂർസ് ആൻഡ് ട്രാവൽസ് ബിസിനസ് ആരംഭിച്ചു. ഇതിനായി വായ്പയെടുത്ത് നാലും അഞ്ചും വാഹനങ്ങൾ വാങ്ങി. ഇവ ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഈ സംരംഭവും നഷ്ടത്തിലായി. ഇതോടെ കടബാദ്ധ്യത വർദ്ധിച്ചു.
കടം വീട്ടാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെ മോഷണത്തിന് പദ്ധതിയിട്ടു. ഉപഭോക്താവെന്ന വ്യാജേന ആഭരണശാലകളിലെത്തി സ്വർണാഭരണങ്ങൾ കാണാൻ ആവശ്യപ്പെടുകയും അവസരം ലഭിക്കുമ്പോൾ അവയുമായി കടന്നുകളയുകയുമായിരുന്നു സതീഷിന്റെ രീതി. കഴിഞ്ഞ വർഷം നവംബർ 15നാണ് സതീഷ് മുംബയിലെ ഒരു ജ്വല്ലറിയിൽ മോഷണം നടത്തിയത്. ആഭരണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാൾ 43.2 ഗ്രാം തൂക്കമുള്ള സ്വർണമാലയുമായി കടന്നുകളയുകയായിരുന്നു. അഞ്ചുലക്ഷം രൂപയായിരുന്നു മാലയുടെ വില.
പൊലീസിനെ വെട്ടിക്കാൻ മുംബയിലെ താമസസ്ഥലത്ത് വ്യാജ ആധാർ കാർഡാണ് നൽകിയിരുന്നത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ ഒരു വർഷത്തോളം സതീഷിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് സാങ്കേതിക വിവരങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം തുടർന്നു. ഇതിനിടെ പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കണ്ടെത്തിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് നടത്തിയ നീക്കത്തിനൊടുവിൽ 2026 ഒക്ടോബർ 28ന് ഡൽഹിയിൽനിന്ന് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണമാലയും ഇയാളിൽനിന്ന് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ ജ്വല്ലറിയിലെ മോഷണത്തിന് പുറമേ മുംബയിലെ ദിൻദോഷി മേഖലയിലും സമാനമായ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ദിൻദോഷിയിലെ മോഷണവുമായി ബന്ധപ്പെട്ടും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Former UPSC aspirant Satish Kumar Krishnaprasad Kesari (42) was arrested in Delhi for stealing a five-lakh rupee gold chain from a Mumbai jewelry store a year ago. Facing failed career and business attempts, he resorted to theft to repay debts. Police recovered the stolen item; he also admitted to a similar second theft.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |