
ടെൽ അവീവ് : ഇസ്രയേലിൽ പ്രധാനമന്ത്രിയായി തുടരാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. സർക്കാർ രൂപീകരണത്തിനുള്ള വഴികൾ അടഞ്ഞു. മദ്ധ്യപക്ഷ യാഷർ പാർട്ടി നേതാവും മുൻ ആർമി തലവനുമായ ഗാഡി ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചുമതല ലഭിച്ചേക്കും. ഇക്കാര്യത്തിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 67 പാർലമെന്റ് അംഗങ്ങൾ പ്രസിഡന്റിന് മുന്നിൽ ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തു. 48 പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം 19 സീറ്റുള്ള റാ ആം, ജോയിന്റ് ലിസ്റ്റ് പാർട്ടികൾ കൂടി പിന്തുണച്ചതോടയാണ് കേവല ഭൂരിപക്ഷമായ 61 ഐസൻകോട്ട് മറികടന്നത്.
പ്രസിഡന്റിന്റെ ഔദ്യോഗിക ഉത്തരവ് ലഭിച്ചാൽ 28 ദിവസത്തിനുള്ളിൽ ഐസൻകോട്ട് സർക്കാർ രൂപീകരിക്കണം. ആവശ്യമെങ്കിൽ 14 ദിവസം അധികം ലഭിക്കും. പുതിയ സർക്കാർ അധികാരമേറും വരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും.
# കൈവിട്ട് സഖ്യകക്ഷി
നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് 53 സീറ്റുണ്ട്. പക്ഷേ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത് 46 പേർ മാത്രം. ദീർഘകാല സഖ്യകക്ഷിയും തീവ്ര ഓർത്തഡോക്സ് പാർട്ടിയുമായ യുണൈറ്റഡ് തോറ ജൂഡായിസത്തിന്റെ (യു.ടി.ജെ) 7 അംഗങ്ങൾ വിട്ടുനിന്നു. ഹരേദി വിഭാഗത്തിന് നിർബന്ധിത സൈനിക സേവന ഇളവ് നൽകുന്ന നിയമം പാസാക്കാൻ നെതന്യാഹുവിന് സാധിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
# ആദ്യ മിസ്രാഹി
പ്രധാനമന്ത്രി
66 കാരനായ ഐസൻകോട്ട് ഇസ്രയേൽ പ്രധാനമന്ത്രിയായാൽ, പദവിയിലെത്തുന്ന ആദ്യ മിസ്രാഹി ജൂതവംശജനാകും (ജൂതരുടെ പൂർവ്വികരാണ് മിസ്രാഹി. മൊറോക്കോ, ഇറാക്ക്, സിറിയ, ഈജിപ്റ്റ്, യെമൻ തുടങ്ങിയ ഇടങ്ങളിൽ ജീവിച്ചവർ). ഐസൻകോട്ടിന്റെ മാതാപിതാക്കൾക്ക് മൊറോക്കൻ വേരുകൾ
നാല് ദശാബ്ദം സൈന്യത്തിൽ. 2015 - 2019 കാലയളവിൽ സൈനിക മേധാവി. യാഷർ പാർട്ടി സ്ഥാപിച്ചത് 2025ൽ. ഭാര്യ ഹന്ന. പരേതനായ ഗാൽ അടക്കം അഞ്ച് മക്കൾ. സൈനികനായിരുന്ന ഗാൽ (25) ഗാസ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |