തിരുവനന്തപുരം: കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൻഡ്രം റോയൽസ്. കൊച്ചി പടുത്തുയർത്തിയ 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കെ ട്രിവാൻഡ്രം മറികടന്നു. ക്യാപ്റ്റൻ കൃഷ്ണപ്രസാദും സെഞ്ചുറി നേടിയ ഗോവിന്ദ് പൈയും ചേർന്ന റെക്കോഡ് കൂട്ടുകെട്ടാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്. കെസിഎല്ലിലെ ആദ്യ സെഞ്ചുറി തികച്ച ഗോവിന്ദ് ദേവ് പൈ 108 റൺസും കൃഷ്ണപ്രസാദ് 68 റൺസും നേടി പുറത്താകാതെ നിന്നു. 62 പന്തുകളിൽ 11 ഫോറും നാല് സിക്സറുമടങ്ങുന്നതായിരുന്നു ഗോവിന്ദിന്റെ ഇന്നിംഗ്സ്. സ്കോർ കൊച്ചി ബ്ലൂ ടൈഗേഴ്സ്: 20 ഓവറിൽ 196/7 , ട്രിവാൻഡ്രം റോയൽസ്: 18.2 ഓവറിൽ 197/2.
കഴിഞ്ഞ മത്സരത്തിലെ താരം ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നായിരുന്നു കൊച്ചിക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. എന്നാൽ അഞ്ച് റൺസെടുത്ത ജോബിൻ തുടക്കത്തിൽ തന്നെ മടങ്ങി. തുടർന്നെത്തിയ ആദി അഭിലാഷ് ഒരു റണ്ണുമായി മടങ്ങിയപ്പോൾ മറുവശത്ത് ഉറച്ചുനിന്ന വിപുൽ ശക്തിയാണ് കൊച്ചിക്ക് ഭേദപ്പെട്ട തുടക്കം നൽകിയത്. എന്നാൽ വിനോദ് കുമാർ എറിഞ്ഞ പത്താം ഓവറിൽ വിപുൽ ശക്തിയും സാലി സാംസണും പുറത്തായതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കൊച്ചി. തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ സുരേഷും മനുകൃഷ്ണനും ചേർന്നാണ് കൊച്ചിയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. സച്ചിൻ സുരേഷ് 18 പന്തുകളിൽ നിന്ന് 33-ഉം മനുകൃഷ്ണൻ 22 പന്തുകളിൽ നിന്ന് 47-ഉം റൺസ് നേടി. തുടർന്നെത്തിയ മുഹമ്മദ് ആഷിഖും (21), അനന്തു സുനിലും (18) തകർത്തടിച്ചതോടെ കൊച്ചിയുടെ സ്കോർ 196-ൽ എത്തി. റോയൽസിനു വേണ്ടി വിനോദ് കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് ജെ. നായർ രണ്ടും സുധീഷ് മോഹൻ നാല് റൺസും നേടി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ഒരുമിച്ചതോടെ കളിയുടെ ഗതിമാറി. സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അനായാസം കളി വരുതിയിലാക്കി. ഈദൻ ആപ്പിൾ ടോം എറിഞ്ഞ ആറാം ഓവറിൽ മൂന്ന് സിക്സർ പറത്തി ഇരുവരും ചേർന്ന് സ്കോർ അമ്പത് കടത്തി. പത്താം ഓവറിൽ റോയൽസിന്റെ സ്കോർ 100 പിന്നിട്ടു. ഇരുവരും 28 പന്തുകളിൽ നിന്നാണ് അർദ്ധസെഞ്ചുറി തികച്ചത്. തുടർന്നും അനായാസം ഷോട്ടുകൾ പായിച്ച ഇരുവരും ചേർന്ന് പത്ത് പന്തുകൾ ശേഷിക്കെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 185 റൺസ് ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയാണ്.
ഈ സീസണിലെ കൊച്ചിയുടെ അവസാന മത്സരമായിരുന്നു ഇത്. പത്ത് കളികളിൽ നിന്ന് മൂന്ന് വിജയവും ഏഴ് തോൽവിയുമടക്കം ആറ് പോയിന്റ് മാത്രം നേടി അവസാന സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |