
ബ്യൂണസ് അയേഴ്സ് : അർജന്റീന ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസിക്ക് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നന്ദി അർപ്പിച്ച് സഹ താരങ്ങളും ആരാധകരും. ലോകകപ്പ് നേടാൻ മെസിയുടെ ഭാഗത്തുനിന്നുണ്ടായ പിന്തുണയ്ക്കുള്ള നന്ദിയാണ് അർജന്റീന താരങ്ങളുടെ പോസ്റ്റുകളിൽ നിറഞ്ഞുനിന്നത്. താനൊരു ലോക ചാമ്പ്യനായി മാറാൻ കാരണം മെസിയാണെന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തന്റെ പോസ്റ്റിൽ കുറിച്ചു. അർജന്റീനയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന് ഏൻജൽ ഡി മരിയ മെസിക്ക് നന്ദി രേഖപ്പെടുത്തി.
മെസിയുടെ രാജ്യത്തോടും ഫുട്ബാളിനോടുമുള്ള അർപ്പണബോധമാണ് റോഡ്രിഗോ ഡി പോളിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്. എല്ലാ സഹതാരങ്ങളെയും പ്രചോദിപ്പിക്കുന്നതായിരുന്നു മെസിയുടെ നേതൃത്വമെന്നും എല്ലാപേരേയും ഒരേ മനസോടെ കൊണ്ടുപോകാൻ മെസിക്ക് കഴിഞ്ഞുവെന്നും റോഡ്രിഗോ എഴുതി. മെസിയെപ്പോലൊരു കളിക്കാരനൊത്ത് ഒരേ ടീമിൽ കളിച്ചയാളാണ് തന്റെ അച്ഛൻ എന്നതിൽ തന്റെ മകൾ എക്കാലവും അഭിമാനിക്കുമെന്നാണ് ലിസാൻഡ്രോ കുറിച്ചത്. ലോകം കണ്ട എക്കാലത്തേയും മികച്ച അത്‌ലറ്റ് എന്നാണ് ലിസാൻഡ്രോ മെസിയെ വിശേഷിപ്പിച്ചത്. കളിക്കളത്തിനപ്പുറത്തും മെസി പകർന്നുതന്ന വിലയേറിയ ജീവിതപാഠങ്ങൾക്ക് നന്ദി പറയുന്നുവെന്ന് ലൗതാരോ മാർട്ടിനെസ് കുറിച്ചു. മെസി ഇല്ലാത്ത അർജന്റീന ടീമിനെക്കുറിച്ച് തങ്ങൾക്ക് ചിന്തിക്കാനാവുന്നില്ലെന്ന് ലിയാൻഡ്രോ പരേഡേസ് പറഞ്ഞു.
ആരാധക ലോകത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് മെസി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പ് ഫൈനലായിരുന്നു അർജന്റീന കുപ്പായത്തിൽ മെസിയുടെ അവസാന മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |