SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.54 PM IST

ക്രിക്കറ്റ് ദൈവം, ഇതിഹാസം; സച്ചിൻ എന്തുകൊണ്ട് പരിശീലക സ്ഥാനത്തേക്ക് വരുന്നില്ല? പിന്നിലുണ്ട് ചില കാരണങ്ങൾ

sachin-tendulkar-
സച്ചിൽ ടെൻഡുൽക്കർ

മുംബയ്: ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ് സച്ചിൽ ടെൻഡുൽക്കർ. ബാറ്റിംഗിലെ തന്റെ റെക്കോർഡുകൾ കൊണ്ട് തലമുറകളെ വിസ്മയിപ്പിച്ചിട്ടും സച്ചിന്റെ പേര് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ക്രിക്കറ്റിലെ അതികായൻ കോച്ചിംഗ് രംഗത്ത് നിന്ന് അകന്നുനിൽക്കുന്നത്?

ക്രിക്കറ്റ് താരമെന്ന നിലയിൽ സച്ചിന്റെ കരിയ‌ർ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പരിശീലകൻ എന്ന റോളിൽ അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഉപയോഗിക്കാത്തത് എന്തുകൊണ്ട് എന്ന ചർച്ചകൾ സജീവമാണ്. ഇന്ത്യൻ ടീമിനൊപ്പവും ഐപിഎല്ലിലും മെന്റർ, ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവ പരിചയം സച്ചിനുണ്ട്. ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസിന്റെ മെന്ററായും ടീമിന്റെ വളർച്ചയിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. എന്നാൽ ഹെഡ് കോച്ചിന്റെ സ്ഥാനത്ത് ഇതുവരെ എത്തിയിട്ടില്ല.

പരിശീലകന്റെ ജോലി സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ടീമിലെ കളിക്കാരുടെ തിരഞ്ഞെടുപ്പ്, മത്സര തന്ത്രങ്ങൾ, പരാജയങ്ങളുടെ ഉത്തരവാദിത്തം, മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക തുടങ്ങി നിരവധി ചുമതലകൾ പരിശീലകന്റെ ഭാഗമാണ്. കളിക്കാരനായിരുന്ന കാലത്തും ടീമിന്റെ തലപ്പത്ത് എത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. തന്റെ പ്രകടനത്തിലായിരുന്നു അന്നും സച്ചിൻ പൂ‌ർണശ്രദ്ധ നൽകിയിരുന്നത്. വിരമിച്ചതിന് ശേഷവും ചുമതലകൾ ഏറ്റെടുക്കുന്നതിനേക്കാൾ ആവശ്യമായ ഇടങ്ങളിൽ തന്റെ പരിചയം പങ്കുവയ്ക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

അതേസമയം,​ സച്ചിൻ പരിശീലകനാകാൻ ഒരിക്കലും താൽപര്യമില്ലെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ കരിയർ നോക്കുമ്പോൾ ഫുൾടൈം ഹെഡ് കോച്ചിന്റെ റോളിനേക്കാൾ മെന്റർ അല്ലെങ്കിൽ ഉപദേഷ്ടാവ് എന്ന നിലയിലാണ് സച്ചിൻ കൂടുതൽ സജീവമായത്. മുംബയ് ഇന്ത്യൻസിനൊപ്പം പ്രവർത്തിച്ച കാലത്ത് ടീമിലെ യുവതാരങ്ങളുമായി സച്ചിൻ അടുത്തിടപഴകിയിരുന്നു. കളിയുടെ സാങ്കേതിക വശങ്ങൾക്കൊപ്പം മാനസികമായ തയ്യാറെടുപ്പിനും അദ്ദേഹം പ്രാധാന്യം നൽകിയിട്ടുണ്ട്. എന്നാൽ ടീമിന്റെ ദൈനംദിന പരിശീലന ചുമതലയും മത്സരദിനത്തിലെ തീരുമാനങ്ങളും ഉൾപ്പെടുന്ന ഹെഡ് കോച്ച് പദവി അദ്ദേഹം ഏറ്റെടുത്തിട്ടില്ല.

കോച്ചായി വിജയിക്കാൻ കളിയെക്കുറിച്ചുള്ള അറിവിനൊപ്പം ഒരു ടീമിനെ കൈകാര്യം ചെയ്യാനുള്ള കഴിവും ആവശ്യമാണ്. വ്യത്യസ്ത സ്വഭാവക്കാരായ കളിക്കാരെ ഒരുമിച്ച് നയിക്കുക, ഫോമിലല്ലാത്ത താരങ്ങളെ പിന്തുണയ്ക്കുക, യുവതാരങ്ങൾക്ക് അവസരം നൽകുക, സമ്മർദമുള്ള സാഹചര്യങ്ങളിൽ തീരുമാനമെടുക്കുക തുടങ്ങിയവ ഹെഡ് കോച്ചിന്റെ നിർണായക ഉത്തരവാദിത്തങ്ങളാണ്. അതിനാൽ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ എന്ന പദവി ഒരു പരിശീലക സ്ഥാനത്തേക്കുള്ള സ്വാഭാവിക യോഗ്യതയായി കണക്കാക്കാനാകില്ലെന്നാണ് വിദഗദ്ധർ വിലയിരുത്തുന്നത്.

English Summary

Cricket legend Sachin Tendulkar has consistently chosen not to pursue full-time head coaching roles, despite his vast experience. He has preferred mentoring and advisory positions, such as with Mumbai Indians. The article highlights that coaching entails extensive responsibilities beyond technical guidance, including player management and strategy. Experts suggest playing prowess doesn't automatically qualify one for coaching success.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SACHIN TENDULKAR, SACHIN COACH, SACHIN COACHING ROLE, INDIAN CRICKET COACH, SACHIN MENTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360