
ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രാദേശിക മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് സ്ഥിരീകരണം. ഹദാസ എയിൻ കെരം മെഡിക്കൽ സെന്ററിൽ അദ്ദേഹം ദന്തചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറാൻ യുദ്ധമാരംഭിച്ചതിനുശേഷം 76കാരനായ നെതന്യാഹുവിന്റെ ആരോഗ്യനില സംബന്ധിച്ച് നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നെതന്യാഹു മരണപ്പെട്ടതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ സ്വന്തം വീഡിയോ പങ്കുവച്ച് നെതന്യാഹു രംഗത്തെത്തുകയും ചെയ്തു. സാധാരണക്കാർക്കൊപ്പം നെതന്യാഹു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവരോട് സംസാരിക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ഇതിനിടെ പുറത്തുവിട്ട നെതന്യാഹുവിന്റെ വാർത്താ സമ്മേളനത്തിന്റെ വീഡിയോ എ.ഐ നിർമ്മിതമാണെന്നും ആരോപണമുണ്ടായി. നെതന്യാഹുവിന്റെ ഒരു കൈയിൽ ആറുവിരലുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലെ അവകാശവാദം. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാദം ശക്തമായി. തുടർന്നാണ് മറ്റൊരു വീഡിയോകൂടി നെതന്യാഹു പങ്കുവച്ചത്.
പ്രോസ്റ്റേറ്റ് ട്യൂമറിന് ഹദാസയിൽ വിജയകരമായ റേഡിയേഷൻ ചികിത്സ നടത്തിയതായി നെതന്യാഹു കഴിഞ്ഞ മാസം സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എന്നാണ് ചികിത്സ നടത്തിയതെന്നോ ചികിത്സ അവസാനിച്ചുവെന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. 2023ൽ അദ്ദേഹം ശരീരത്തിൽ പേസ്‌മാക്കർ ഘടിപ്പിച്ചിരുന്നു. 2024ൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 2024ൽതന്നെ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയ്ക്കും വിധേയനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |