SignIn
Kerala Kaumudi Online
Friday, 19 June 2026 4.19 PM IST

നിയന്ത്രണംവിട്ട കുതിരവണ്ടിയിൽനിന്ന് അമ്മ തെറിച്ചുവീണു; രക്ഷിക്കാൻ ചാടിയ പതിനെട്ടുകാരന് ദാരുണാന്ത്യം

romanch-mahajan

ന്യൂയോർക്ക്: നിയന്ത്രണം വിട്ടോടിയ കുതിരവണ്ടിയിൽ നിന്ന് ചാടിയ ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലാണ് സംഭവം. വണ്ടിയിൽ നിന്ന് തെറിച്ചുവീണ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രോമാഞ്ച് മഹാജൻ എന്ന പതിനെട്ടുകാരന് ജീവൻ നഷ്‌ടമായത്. വീഴ്‌ചയിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സെൻട്രൽ പാർക്കിലെ ചെറി ഹിൽ പ്രദേശത്ത് ബുധനാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. മാതാപിതാക്കൾക്കും ഇളയ സഹോദരനും ഒപ്പം ആദ്യമായി ന്യൂയോർക്ക് സന്ദർശിക്കാൻ എത്തിയതായിരുന്നു രോമാഞ്ച്. കുതിരവണ്ടിയിൽ ഇരിക്കുന്ന ഇവരുടെ കുടുംബ ചിത്രം പകർത്താനായി വണ്ടി ഓടിച്ചിരുന്ന ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സാംസൺ എന്ന കുതിര ഭയന്നോടിയത്. വണ്ടിക്കാരൻ പിന്നാലെ ഓടിയെങ്കിലും കുതിരനിന്നില്ല. ഇതിനിടയിൽ രോമാഞ്ചിന്റെ അമ്മ പ്രിയാ മഹാജൻ തെറിച്ച് വീണു. അമ്മയെ രക്ഷിക്കാനായി രോമാഞ്ച് വണ്ടിയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

നിയന്ത്രണംവിട്ട കുതിരവണ്ടി പിന്നീട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. മാതാപിതാക്കളും അനുജനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും നിലത്ത് തലയിടിച്ചുവീണ രോമാഞ്ചൻ രാത്രിയോടെ മരണപ്പെടുകയായിരുന്നു. കുതിര നിയന്ത്രണം വിട്ടോടിയ സമയം താഴെ വീഴാതിരിക്കാനായി തങ്ങൾ പരസ്‌പരം കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നെന്ന് രോമാഞ്ചിന്റെ പിതാവ് ദീപക് മഹാജൻ പറയുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് കുതിരയെ നിയന്ത്രിച്ചുനിർത്താതെ ഫോട്ടോ എടുക്കാൻ ശ്രമിച്ച കുതിരവണ്ടി ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ഈ അപകടത്തോടെ ന്യൂയോർക്കിൽ കുതിര വണ്ടികൾ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സെൻട്രൽ പാർക്കിലും പരിസരങ്ങളിലും കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന എട്ടാമത്തെ അപകടമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, ACCIDENT, INJURY, TOURISTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360