SignIn
Kerala Kaumudi Online
Friday, 19 June 2026 8.46 AM IST

സീൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കി പക്ഷിപ്പനി

pic

കാൻബെറ: ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുള്ള വിദൂര അന്റാർട്ടിക് ദ്വീപിൽ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് സീൽ കുഞ്ഞുങ്ങൾ ചത്തതായി കണ്ടെത്തൽ. ഓസ്ട്രേലിയയ്ക്ക് തെക്കു പടിഞ്ഞാറായി 4,000 കിലോമീറ്റർ അകലെയുള്ള ഹേർഡ് ആൻഡ് മക്‌ഡൊണാൾഡ് ഐലൻഡ്സിലാണ് സംഭവം.

ഏകദേശം 10 ലക്ഷത്തിലേറെ കടൽപ്പക്ഷികളുടെയും സീലുകളുടെയും ആവാസ സ്ഥലമാണിവിടം. കഴി‌ഞ്ഞ ഒക്ടോബർ മുതൽ ഈ ജനുവരി വരെയുള്ള ഡേറ്റകൾ പ്രകാരം ഏകദേശം 13,000 സീൽ കുഞ്ഞുങ്ങൾ പക്ഷിപ്പനി മൂലം ചത്തെന്നാണ് കണ്ടെത്തൽ.

17,000ത്തോളം സീലുകൾ അടങ്ങുന്ന ഗ്രൂപ്പിനെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഗ്രൂപ്പിലെ 75 ശതമാനം ജീവികളെയും പക്ഷിപ്പനിയുടെ എച്ച് 5 എൻ 1 വകഭേദം തുടച്ചുമാറ്റിയത് ആശങ്കാജനകമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഇരട്ടിയിലേറെ പെൻഗ്വിനുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്നും കണക്കുകൂട്ടുന്നു.

ലോകമെമ്പാടുമുള്ള പക്ഷികളിലും സസ്തനികളിലും കണ്ടെത്തിയ എച്ച് 5 എൻ 1 വകഭേദത്തെ ഇതുവരെ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 1,800 കിലോമീറ്റർ അകലെയുള്ള, ഫ്രാൻസിന്റെ നിയന്ത്രണത്തിലെ ക്രോസെറ്റ് ഐലൻഡ്സിൽ നിന്നെത്തിയ ദേശാടന പക്ഷികളിൽ നിന്നാകാം ഹേർഡ് ആൻഡ് മക്‌ഡൊണാൾഡ് ഐലൻഡ്സിലെ സീലുകളിലേക്ക് പക്ഷിപ്പനി പടർന്നതെന്ന് കരുതുന്നു.

അതേ സമയം, എച്ച് 5 എൻ 1 പോലുള്ള പക്ഷിപ്പനി വകഭേദങ്ങൾ നേരത്തെ മനുഷ്യരിലും കണ്ടെത്തിയിട്ടുണ്ട്. 2021 പകുതി മുതൽ തെക്കേ അമേരിക്ക അടക്കം മുമ്പ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാതിരുന്ന പ്രദേശങ്ങളിലേക്കും വൈറസ് വ്യാപനം കണ്ടെത്തി. കാട്ടുപക്ഷികൾ കൂട്ടത്തോടെ മരിക്കുന്നതിനും ദശലക്ഷക്കണക്കിന് വളർത്തു പക്ഷികളെ കൊല്ലാനും ഇത് കാരണമായി.

ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്ന എച്ച് 5 എൻ 1 പക്ഷിപ്പനി സമീപ കാലത്ത് സസ്തനികളിലേക്ക് പടർന്നതിൽ മനുഷ്യർ ജാഗ്രത പുലർത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിരുന്നു.

എച്ച് 7 എൻ 9,​ എച്ച് 5 എൻ 8,​ എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പക്ഷിപ്പനി പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണ്. എന്നാൽ ജനിതക വ്യതിയാനങ്ങൾ സ്ഥിതി മാറ്റിഎഴുതുമോ എന്നത് പ്രവചനാതീതമാണ്.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുള്ള പക്ഷിപ്പനി അടക്കമുള്ള ജന്തുജന്യ രോഗങ്ങളെ ആരോഗ്യവിദഗ്ദ്ധർ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360