
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് ഹൃദയാഘാതമുണ്ടായതായും കിടപ്പുമുറിയിൽ ബോധരഹിതനായി നിലത്തുകിടക്കുന്നത് കണ്ടെതായും റിപ്പോർട്ട്. സമീപത്തായി വീണുകിടക്കുന്ന നിലയിൽ ആഹാരവും വെള്ളവും അടങ്ങിയ മേശയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജനറൽ എസ് വി ആർ എന്ന റഷ്യൻ ടെലിഗ്രാം ചാനലാണ് വാർത്ത പുറത്തുവിട്ടതെന്ന് ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ നിലത്ത് കിടക്കുന്നതായി കണ്ടതെന്ന് ടെലിഗ്രാം ചാനലിൽ പറയുന്നു.
'ബോധരഹിതനായി വീണപ്പോൾ മേശയിൽ തട്ടി ആഹാരവും മറ്റും നിലത്തുവീണു. ഇതിന്റെ ഒച്ച കേട്ടുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയത്. നിലത്ത് വീണുകിടന്ന പുടിൻ ശരീരം വളയ്ക്കുകയും കണ്ണുകൾ ഉരുട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്ന ഡോക്‌ടർമാരെ ഉടൻ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ മെഡിക്കൽ സേവനങ്ങൾ സജ്ജമാക്കിയിട്ടുള്ള പ്രത്യേക മുറിയിലേയ്ക്ക് അദ്ദേഹത്തെ മാറ്റുകയും ചികിത്സ നൽകുകയും ചെയ്തു. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തനം തുടരുകയും ബോധം തിരികെ ലഭിക്കുകയും ചെയ്തു'- ടെലിഗ്രാം ചാനൽ പ്രസ്‌താവനയിൽ വ്യക്തമാക്കി. അടുത്തിടെയായി എല്ലാ ഔദ്യോഗിക സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നത് പുടിന്റെ അപരനാണെന്നും ടെലിഗ്രാം ചാനലിൽ പറയുന്നു.
പുടിന്റെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ചർച്ചകൾക്ക് ചൂട് കൂട്ടുന്നു. പുടിന്റെ കഴുത്തിലെ ഒരു പാടാണ് സംശയങ്ങൾക്കിടയാക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് കഴുത്തിൽ പാട് വീണതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതേസമയം, പുടിന് ഹൃദയാഘാതമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച ക്രെംലിൻ അദ്ദേഹം ആരോഗ്യവാനാണെന്ന് അറിയിച്ചു. പുടിൻ അപരനെ ഉപയോഗിക്കുന്നുവെന്ന വാർത്തകൾ അസംബന്ധമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |