SignIn
Kerala Kaumudi Online
Saturday, 04 July 2026 9.20 AM IST

നവാൽനിയുടെ മരണം: ആറ് പേർക്ക് ഉപരോധം ചുമത്തി ഇ.യു

d

ലണ്ടൻ: റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണവുമായി ബന്ധപ്പെട്ട ആറ് റഷ്യൻ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇ.യു). ലിസ്റ്റിൽ കൂടുതൽ പേരും ഗവേഷകരാണ്. മാരക തവള വിഷം ഉള്ളിലെത്തിയതാണ് നവാൽനിയുടെ മരണകാരണം എന്ന് യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. വിഷം വികസിപ്പിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചെന്ന് കണ്ടെത്തിയവർക്കാണ് ഉപരോധം. യൂറോപ്യൻ യൂണിയൻ പരിധിയിലുള്ള ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും കഴിയില്ല.

2024 ഫെബ്രുവരി 16നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി (47)​ ആർട്ടിക് മേഖലയിലെ ജയിലിൽ മരണമടഞ്ഞത്. ബോധരഹിതനായി വീണു. മെഡിക്കൽ സംഘമെത്തിയപ്പോഴേക്കും മരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ,​ പുട്ടിന്റെ അറിവോടെ കൊലപ്പെടുത്തിയെതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

തെക്കേ അമേരിക്കൻ കാടുകളിൽ ജീവിക്കുന്ന പോയിസൺ ഡാർട്ട് ഫ്രോഗിൽ കാണപ്പെടുന്ന നാഡീവ്യൂഹത്തെ തളർത്താൻ ശേഷിയുള്ള 'എപിബാറ്റിഡീൻ" എന്ന വിഷവസ്തു നവാൽനിയുടെ ഉള്ളിലെത്തിയെന്ന് യു.കെ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിക്കുന്ന റഷ്യ, തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു.

അഭിഭാഷകൻ കൂടിയായ നവാൽനിയെ 2020ൽ സൈബീരിയയിൽ വച്ച് ചായയിൽ മാരക വിഷമായ നോവിചോക്ക് കലർത്തി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹം ജർമ്മനിയിലെ ചികിത്സയിലൂടെ രക്ഷപ്പെട്ടെങ്കിലും 2021ൽ റഷ്യയിലെത്തിയ ഉടൻ ജയിലിലായി. തീവ്രവാദം, വഞ്ചന,​ അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് നവാൽനിക്ക് വിധിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360