SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.37 AM IST

സന്ദർശകർക്ക് മുന്നിൽ മുതലയുടെ ആക്രമണം: മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം

f

പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ മുതലയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പോർട്ട് മോർസ്ബിയിലെ അഡ്വഞ്ചർ പാർക്കിലായിരുന്നു സംഭവം. സന്ദർശകർക്ക് മുന്നിൽ വച്ച് മുതലയ്ക്ക് ആഹാരം നൽകുന്ന പതിവ് പ്രകടനം അവതരിപ്പിക്കുകയായിരുന്നു ജീവനക്കാരൻ.

സുരക്ഷാ വേലിയുടെ വശത്ത് നിന്ന് ജീവനക്കാരൻ മുതലയ്ക്ക് കോഴിയിറച്ചി എറിഞ്ഞുനൽകി. പെട്ടെന്ന് ജീവനക്കാരന് നേരെ പാഞ്ഞടുത്ത മുതല, അദ്ദേഹത്തെ കാലിൽ കടിച്ചെടുത്ത് കുളത്തിലേക്ക് താഴ്ന്നു. കുളത്തിന്റെ വശത്ത് മുറുകെ പിടിച്ച ജീവനക്കാരനെ സന്ദർശകരിൽ ഒരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല പിടിവിട്ടില്ല.

ഒരു മണിക്കൂറിലേറെയാണ് മുതല ഇദ്ദേഹത്തിന്റെ ശരീരത്തിൽ പിടിമുറുക്കി നിന്നത്. പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ പക്കൽ മുതലയെ വെടിവയ്ക്കാനുള്ള തോക്കുണ്ടായിരുന്നില്ലെന്ന് സന്ദർശകർ പറഞ്ഞു. എമർജൻസി സർവീസ് എത്തുംവരെ ഇരുമ്പ് വടികൊണ്ട് മുതലയുടെ ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിച്ചത്.

പൊലീസെത്തി മുതലയെ വെടിവച്ച് കൊന്നശേഷമാണ് അതിന്റെ വായിൽ നിന്ന് ജീവനക്കാരനെ മോചിപ്പിക്കാനായത്. ഇതിനോടകം ജീവനക്കാരന്റെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. വൻ തോതിൽ രക്തവും നഷ്ടമായി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ അദ്ദേഹം മരണത്തിന് കീഴടങ്ങി. സംഭവത്തെ തുടർന്ന് പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360