SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.37 AM IST

സൗദിയിൽ നാശം വിതച്ച് ഹൂതി പ്രഹരം  73 പേർക്ക് പരിക്ക്

pic

റിയാദ്: ഇറാനും യു.എസും തമ്മിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, സൗദി അറേബ്യയ്ക്ക് നേരെ ശക്തമായ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. തെക്കൻ സൗദിയിലെ ഖാമീസ് മുഷൈത്ത്, അഭ, നജ്രാൻ, ജിസാൻ നഗരങ്ങൾക്ക് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുട്ടികൾ അടക്കം 73 പൗരന്മാർക്ക് പരിക്കേറ്റു.

അരാംകോ എണ്ണ കേന്ദ്രങ്ങളിലും ഖാമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിലും ആക്രമണമുണ്ടായി. ചെങ്കടൽ തീരത്തെ അരംകോയുടെ ജിസാൻ റിഫൈനറിയിൽ അടക്കം വൻ തീപിടിത്തമുണ്ടായി. പ്രതിദിനം 4 ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഭീമൻ റിഫൈനറിയാണ് ജിസാനിലേത്. ആക്രമണ പശ്ചാത്തലത്തിൽ മേഖലയിലെ എണ്ണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചു.

ഇക്കൊല്ലം സൗദിക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഹൂതി ആക്രമണമാണിത്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയ്ക്കിടെ ചെങ്കടൽ ഊർജ്ജ ഇടനാഴിയെ കൂടി സ്തംഭിപ്പിക്കുംവിധമുള്ള ഹൂതി പ്രകോപനം ആഗോള വിപണിയെ പിടിച്ചുകുലുക്കി. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദിയുടെ നേതൃത്വത്തിലെ അറബ് സഖ്യ സേന പ്രഖ്യാപിച്ചു.

# 'ജയിലിൽ ബോംബിട്ടു'

തിങ്കളാഴ്ച യെമനിലെ അൽ ജൗഫ് പ്രവിശ്യയിലെ ജയിലിൽ സൗദി ബോംബിട്ടെന്നും 11 പേർ കൊല്ലപ്പെട്ടെന്നും ആരോപിച്ചായിരുന്നു ഹൂതി ആക്രമണം. തലസ്ഥാനമായ സനാ തിരിച്ചുപിടിക്കാനും ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം സ്വന്തമാക്കാനും യെമനീസ് സർക്കാർ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സൗദിയാണെന്നും ഹൂതികൾ.

# ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് ഇന്നലെ ഉയർന്നത് - 99.46 ഡോളർ

(ജൂലായ് 24ന് ശേഷമുള്ള ഉയർന്ന നിരക്ക്)


# യു.എസിനെ സമ്മർദ്ദത്തിലാക്കാൻ


 ഇറാന്റെ സഖ്യ കക്ഷിയായ ഹൂതികളും യെമൻ സർക്കാരും (അന്താരാഷ്ട്ര അംഗീകാരമുള്ളത്)​ 2014 മുതൽ ആഭ്യന്തര യുദ്ധത്തിൽ. സനാ അടക്കം വടക്കൻ യെമൻ ഹൂതികളുടെയും ഏദൻ അടക്കം തെക്കൻ പ്രദേശങ്ങൾ സർക്കാരിന്റെയും നിയന്ത്രണത്തിൽ. സൗദിയുടെ നേതൃത്വത്തിലെ അറബ് സഖ്യ സേന ഹൂതികൾക്കെതിരാണ്

 സൗദിക്കും ഹൂതികൾക്കുമിടെയിൽ 2022ൽ വെടിനിറുത്തൽ ധാരണയുണ്ടായെങ്കിലും ഇക്കൊല്ലം ജൂലായിൽ തകർന്നു. സനാ വിമാനത്താവളത്തിൽ സഖ്യ സേന ആക്രമണം നടത്തുകയും, പിന്നാലെ ഹൂതികൾ സൗദിയിൽ തിരിച്ചടിക്കുകയും ചെയ്തു. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനേയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിൽ സൗദിയുടെ കപ്പലുകളെ ആക്രമിച്ചു

 യു.എസിന്റെ സഖ്യ കക്ഷിയാണ് സൗദി. ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ യു.എസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതും സൗദിയെ ആക്രമിക്കുന്നതിലൂടെ ഹൂതികൾ ലക്ഷ്യമിടുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360