SignIn
Kerala Kaumudi Online
Tuesday, 08 September 2026 10.38 PM IST

മലേഷ്യയിൽ മെഡിക്കൽ സംഘം സഞ്ചരിച്ച   ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പൈലറ്റ് അടക്കം അഞ്ച് പേരെ കാണാതായി 

helicopter
പ്രതീകാത്മക ചിത്രം

ക്വാലാലംപൂർ: മെഡിക്കൽ ജീവനക്കാരുൾപ്പെടെ അഞ്ച് പേരുമായി പറന്ന ഹെലികോപ്ടർ മലേഷ്യയിൽ അപകടത്തിൽപ്പെട്ടു. ബോർണിയോ ദ്വീപിലെ സറാവാക് വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്‌റ്റർ തകർന്ന് വീണത്. അപകടത്തിൽ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ച ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഫ്ളയിംഗ് ഡോക്ടർ സർവീസ് വിഭാഗത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.

പൈലറ്റും ആരോഗ്യവകുപ്പിലെ നാല് ജീവനക്കാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് മലേഷ്യൻ ആരോഗ്യമന്ത്രി ദുൽകിഫ്ളി അഹമ്മദ്‌ അറിയിച്ചു. ഒരു മെഡിക്കൽ ഓഫീസർ, ഒരു അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ, രണ്ട് നഴ്സുമാർ എന്നിവരാണ് ആരോഗ്യവകുപ്പ് ജീവനക്കാരിൽ ഉൾപ്പെട്ടിരുന്നത്.

ഉൾഗ്രാമങ്ങളിൽ മെഡിക്കൽ സേവനം, അടിയന്തര ചികിത്സ, രോഗികളുടെ ഗതാഗതം തുടങ്ങിയവ ലഭ്യമാക്കുന്നതിനായി വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ഉപയോഗിക്കുന്ന സംവിധാനമാണ് 'ഫ്ളയിംഗ് ഡോക്ടർ സർവീസ്'. അപകടത്തിൽപ്പെട്ടവരുടെ നിലവിലെ സ്ഥിതിയും അപകടത്തിന്റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.

അഗ്നിരക്ഷാസേനയും മെഡിക്കൽ അധികൃതരും ഉൾപ്പെടെയുള്ളസംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലുംതുടരുകയാണ്. സറാവാക്കിലെ ലോങ് ലെല്ലാങ്ങ് ഷോർട്ട് ടേക്ക്ഓഫ് ആൻഡ് ലാൻഡിങ് വിമാനത്താവളത്തിന് സമീപം അപകടമുണ്ടായതായി വൈകുന്നേരത്തോടെ വിവരം ലഭിച്ചെന്ന് മലേഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മലേഷ്യൻ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELICOPTER LAND, LATESTNEWS, HELICOPTER RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360