SignIn
Kerala Kaumudi Online
Thursday, 01 October 2026 2.38 AM IST

ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമം , ഇന്ത്യക്കാരനായ ക്യാപ്ടന് കുത്തേറ്റു

p

ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനെ ഇന്ത്യക്കാരനായ ക്യാപ്ടൻ ചെറുത്തുനിന്ന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.

കോക് പിറ്റിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഒമാൻ പൗരനായ കോ-പൈലറ്റ് കത്തികൊണ്ട് ആക്രമിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചെന്നും യാത്രക്കാർ പറഞ്ഞു. വിമാനം തകർക്കുകയായിരുന്നു കോ പൈലറ്റിന്റെ ലക്ഷ്യം. യാത്രക്കാരിൽ ഭൂരിപക്ഷവും ഇസ്രയേൽ പൗര‌ൻമാരായിരുന്നു.

സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഏകദേശം 180 യാത്രക്കാർ ഉണ്ടായിരുന്നു.അവർ സുരക്ഷിതരാണെന്നാണ് അധികൃതർ അറിയിച്ചു.

ക്യാപ്റ്റനും കോ-പൈലറ്റും ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി തബൂക്ക് വിമാനത്താവള അധികൃതർ അറിയിച്ചു. ഒമാൻ പൗരനായ സഹപൈലറ്റിനെ അറസ്റ്റ് ചെയ്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി.

ബുധനാഴ്ച പുലർച്ചെ 3.05ഓടെ ദുബായിൽനിന്ന് പുറപ്പെട്ട ബോയിങ് 737 വിമാനം രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 33,000 അടി ഉയരത്തിൽ നിന്ന് പൊടുന്നനെ 17,000 അടിയിലേക്ക് പതിച്ചു. അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന 7700 കോഡും പിന്നാലെ റാഞ്ചുകയോ, മറ്റ് ഇടപെടൽ ഉണ്ടാകുമ്പോഴോ നൽകുന്ന 7500 കോഡും പ്രക്ഷേപണം ചെയ്തു. ഇതോടെ വിമാനം റാഞ്ചിയെന്ന അഭ്യൂഹം ശക്തമായി. വീണ്ടും 7700 കോഡ് നൽകിയതോടെ ആശങ്ക കുറഞ്ഞു. രാവിലെ 9.45നും 9.50നും ഇടയിൽ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഹൈജാക്ക് കോഡ് ലഭിച്ചതോടെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിരീക്ഷണത്തിനായി മേഖലയിലേക്ക് പാഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. യാത്രക്കാരെ ടെൽ അവീവിലെത്തിക്കാൻ മറ്റൊരു വിമാനം അയച്ചതായി ഫ്‌ളൈദുബായ് വ്യക്തമാക്കി. വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രയേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു.

ചോര കൊടുത്ത് യാത്രക്കാരെ

രക്ഷിച്ചത് മുംബയ് സ്വദേശി

 കുത്തേറ്റിട്ടും വിമാനം തകർക്കാനുള്ള ശ്രമം ചെറുത്ത ക്യാപ്ടൻ സ്മിത് മച്ചാർ മുംബയ് സ്വദേശിയാണ്. ഏറ്റുമുട്ടലിനിടെ വിമാനം താഴേക്ക് പതിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായില്ല

 മുൻനിരയിലെ ഇസ്രയേലി യാത്രക്കാർ കോക്‌പിറ്റിൽ ഇടിച്ചുകയറി സഹപൈലറ്റിനെ കീഴടക്കിയെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. അക്രമിയെ പുറത്താക്കി. യാത്രക്കാരായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു

 സ്മിതിന്റെ നില ഗുരുതരമെന്നാണ് സൂചന. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ദന്തഡോക്ടറാണ്അടിയന്തര ചികിത്സ നൽകിയത്

 2022 ജൂൺ മുതൽ ഫ്‌ളൈദുബായിയുടെ ബോയിംഗ് 737 വിഭാഗത്തിൽ ക്യാപ്റ്റനാണ് ണ് സ്മിത്. മുംബയിലെ സ്‌പൈസ് ജെറ്റിൽ 11 വർഷം പ്രവർത്തിച്ചിട്ടുണ്ട്. സീനിയർ കമാൻഡറായും 2020 നവംബർ മുതൽ മറ്റ് പൈലറ്റുമാരുടെ പരിശീലകനായും ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായും പ്രവർത്തിച്ചു. 9,750 മണിക്കൂർ പറന്നതിന്റെ അനുഭവസമ്പത്തുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYDUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360