
സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ അന്വേഷണം
കമ്പനിയുടെ ഓഹരി മൂല്യം 27,000 കോടി ഡോളർ ഇടിഞ്ഞു
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളിലൊന്നായ എൻവിഡിയയെ പ്രതിസന്ധിയിലാക്കി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ(സി..ഇ.ഒ) ജെൻസൻ ഹുവാങ്ങിനെതിരെ ചാരബന്ധ ആരോപണം. വിദേശ രഹസ്യാന്വേഷണ നീക്കത്തിന്റെ ലക്ഷ്യമായി ഹുവാങ് മാറിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഇതോടെ തിങ്കളാഴ്ച ഫ്രാങ്ക്ഫർട്ട് വ്യാപാരത്തിൽ എൻവിഡിയ ഓഹരികൾ ആറു ശതമാനത്തിലേറെ ഇടിഞ്ഞു. വെള്ളിയാഴ്ചത്തെ വിപണി മൂല്യത്തിൽ നിന്ന് ഏകദേശം 27,000 കോടി ഡോളറിന്റെ ഇടിവുണ്ടായി.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ കൈമാറിയെന്നു യു.എസ് അധികൃതർ സംശയിച്ചിരുന്ന ഒരു മുൻ വ്യവസായ പ്രമുഖയായ ആലിസുമായി ഹുവാങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹുവാങ് വിദേശ രഹസ്യാന്വേഷണ നീക്കത്തിന്റെ ലക്ഷ്യമായിരുന്നോ എന്ന് എൻവിഡിയ ഡയറക്ടർ ബോർഡ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. വ്യക്തിബന്ധത്തെക്കുറിച്ച് ജീവനക്കാരോട് ഹുവാങ് വിശദീകരണം നൽകിയെങ്കിലും ആരോപണങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചാരവൃത്തിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചു.
അതേസമയം, എൻവിഡിയയിൽ നിന്നുള്ള കരാർ പ്രകാരമുള്ള ജി.പി.യു വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.അന്വേഷണം നീണ്ടുപോയാൽ നിക്ഷേപ തീരുമാനങ്ങളെയും പുതിയ ഉത്പന്നങ്ങളുടെ അവതരണത്തെയും ബാധിക്കാമെന്ന ആശങ്കയുണ്ട്. ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിലും കൂടുതൽ അനിശ്ചിതത്വമുണ്ടാകാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
ജയിലിൽ അടക്കുമെന്ന് ട്രംപ്
.എ. ഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പ്രമുഖ എ.ഐ കമ്പനി മേധാവിയെ ജയിലിൽ അടയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ വ്യക്തിയുടെയോ കമ്പനിയുടെയോ പേര് വെളിപ്പെടുത്തിയില്ല. എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെതിരായ ചാരബന്ധ ആരോപണങ്ങൾക്കിടെയാണ് വെളിപ്പെടുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |