ധാക്ക: ഷെയ്ഖ് ഹസീനയുടെ പാസ്‌പോർട്ട് പുതുക്കാനുള്ള നീക്കത്തിന് അനുമതി നിഷേധിച്ച് ബംഗ്ലാദേശ് സർക്കാർ. അതേസമയം, ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടണമെന്ന ആവശ്യം വീണ്ടും ആവർത്തിക്കുകയാണ് ബംഗ്ലാദേശ്. പുതിയ പാസ്‌പോർട്ടോ യാത്രാരേഖകളോ അനുവദിച്ച് ഷെയ്‌ഖ് ഹസീനയെ നാട്ടിലേക്ക് മടക്കുന്നതിനുപകരം, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം ഹസീനയെ കൈമാറണമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. ഹസീനയുടെ നീക്കത്തെ വെറും നാടകമെന്നും സർക്കാർ പരിഹസിച്ചു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പാസ്‌പോർട്ട് അനുവദിക്കാൻ കഴിയില്ലെന്നും ബംഗ്ലാദേശ് അധികൃതർ അറിയിച്ചു.
ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയ്ക്ക് പുതിയ പാസ്‌പോർട്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഹസീനയ്ക്ക് പുതിയ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ മുഖേന ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് സർക്കാരിന്റെ പ്രതികരണം. തിങ്കളാഴ്ചയാണ് അപേക്ഷ സമർപ്പിച്ചതെന്നാണ് വിവരം.
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന കാര്യത്തിൽ മാറ്റമില്ലെന്ന് ഹസീന നേരത്തേ വ്യക്തമാക്കിയിരുന്നു. നാട്ടിലെത്തിയാൽ അറസ്റ്റിലാകാൻ സാദ്ധ്യതയുണ്ടെങ്കിലും മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹസീന പറഞ്ഞു. ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ കോടതിയിൽ കീഴടങ്ങാനും ഹസീന തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയായശേഷം മടക്കയാത്രയുടെ കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്ന് ഹസീനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ജനതയിൽ നിന്ന് അകന്ന് കഴിയുന്നതിനേക്കാൾ സ്വന്തം നാട്ടിൽ മരണം വരിക്കാനാണ് താത്പര്യമെന്നും ഹസീന നേരത്തേ പറഞ്ഞിരുന്നു.
2024 ഓഗസ്റ്റിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം 15 വർഷത്തെ ഹസീന ഭരണത്തിന് അന്ത്യം കുറിക്കുകയായിരുന്നു. തുടർന്ന് രാജ്യം വിട്ട ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതോടെയാണ് അവർ രാജ്യം വിട്ടത്. തുടർന്ന് നടന്ന വിചാരണയിൽ, പ്രക്ഷോഭകരെ അടിച്ചമർത്താൻ ഉത്തരവിട്ടതിലൂടെ നൂറുകണക്കിന് പേരുടെ മരണത്തിനും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയെന്ന കുറ്റത്തിന് ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണൽ ഹസീനയ്ക്ക് അവരുടെ അസാന്നിദ്ധ്യത്തിൽ വധശിക്ഷ വിധിച്ചു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയെ നിരന്തരം സമീപിക്കുന്നത്.
Bangladesh has refused to renew Sheikh Hasina's passport and called her move a drama. The government says it will not issue a new passport or travel documents to a person convicted of terrorism-related charges and sentenced to death.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |