
ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ഇറാന്റെ നിർദ്ദേശത്തിന് അമേരിക്കയുടെ ഔദ്യോഗിക മറുപടി. ഖത്തർ മദ്ധ്യസ്ഥതയിലൂടെ കൈമാറിയ മറുപടി വിദേശമന്ത്രി അബ്ബാസ് അറാഖ്ചി പ്രസിഡന്റ് മസൂദ് പെസെഷ്കിയന് മന്ത്രിസഭാ യോഗത്തിൽ കൈമാറി. എന്നാൽ മറുപടിയിലെ ഉള്ളടക്കം ഇറാൻ പുറത്തുവിട്ടിട്ടില്ല. അടുത്ത നടപടിയും വ്യക്തമാക്കിയിട്ടില്ല.
യു.എൻ. പൊതുസഭാ സമ്മേളനത്തിനിടെ കഴിഞ്ഞയാഴ്ച വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ഖത്തർ മദ്ധ്യസ്ഥതയിൽ പരോക്ഷ ചർച്ചകൾ നടന്നിരുന്നു. തുടർന്ന് ഏഴ് ദിവസത്തെ വിശ്വാസനിർമ്മാണ പദ്ധതിയാണ് ഇറാൻ മുന്നോട്ടുവച്ചത്. ഹോർമുസിലൂടെ സാധാരണ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതിന് മുമ്പ് അമേരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, എണ്ണമേഖലയിലെ ഉപരോധം നീക്കുക തുടങ്ങിയവയാണ് ഇറാന്റെ ആവശ്യങ്ങൾ.
അതേസമയം, ചർച്ചകളുടെ വിജയം ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് പെസെഷ്കിയൻ പറഞ്ഞു. ചർച്ചകളിലൂടെ കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കുന്നത് എതിരാളികൾക്ക് കീഴടങ്ങലല്ലെന്നും സുതാര്യതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, സ്ത്രീകളുൾപ്പടെ സാധാരണക്കാർക്ക് നൽകുന്ന സൈനിക പരിശീലനം ഇറാൻ സജീവമാക്കി. ജൂണിൽ ഹോർമുസിലെ കപ്പൽഗതാഗത സ്വാതന്ത്ര്യം സംബന്ധിച്ച് വാഷിംഗ്ടണും ടെഹ്‌റാനും ധാരണയിലെത്തിയിരുന്നെങ്കിലും സുരക്ഷാ വിഷയങ്ങളിലെ ഭിന്നതകൾ കാരണം നടപ്പാക്കൽ തടസപ്പെട്ടു. ഇപ്പോഴത്തെ യു.എസ് മറുപടിയോടെ ചർച്ചകൾ വീണ്ടും സജീവമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ചർച്ചയിൽ നടപടിക്രമം
നിർണായകം
പദ്ധതിയിലെ വ്യവസ്ഥകളിൽ ഏത് ആദ്യം നടപ്പാക്കണമെന്നതാണ് പ്രധാന തർക്കമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ നിർദ്ദേശം പരസ്യമായി തള്ളിയിരുന്നെങ്കിലും ഖത്തറിന്റെ മദ്ധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. ഇറാൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിച്ചാലേ ഹോർമുസ് പൂർണമായി തുറക്കൂവെന്നാണ് ടെഹ്‌റാന്റെ നിലപാട്.
അതേസമയം, ഹോർമുസിലെ നിയന്ത്രണങ്ങൾ ആഗോള എണ്ണവ്യാപാരത്തെയും ബാധിക്കുന്നു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് ഗൾഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി സെപ്തംബറിൽ തിരിച്ചെത്തിയെങ്കിലും വഴികളിൽ മാറ്റമുണ്ടായി. സൗദി അറേബ്യയും യു.എ.ഇയും പൈപ്പ്‌ലൈൻ മാർഗങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിനാൽ കടലിടുക്ക് കടക്കാതെ പുറത്തുപോകുന്ന എണ്ണയുടെ വിഹിതം ഉയർന്നതായി കെപ്ലർ കണക്കുകൾ വ്യക്തമാക്കുന്നു.
ഹൂതി ആക്രമണം
വർദ്ധിച്ചു
സൗദി വ്യോമപാതയിൽ ഹൂതി ആക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സുരക്ഷാ ഏജൻസിയും വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. അബുദാബി ഹോർമുസ് ആശ്രയം കുറയ്ക്കാൻ തുറമുഖ അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപത്തിനും ഒരുങ്ങുകയാണ്.
ഇതിനിടെ, കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ചെറുകപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് ഹൊസൈൻ മൊഹേബി അവകാശപ്പെട്ടു.
മഷ്ഹദിലെ താമസകെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്ഫോടനകാരണം വ്യക്തമല്ല. ഹോർമുസിലെ സംഘർഷം തുടരുന്നതിനിടെ ഒരു എണ്ണ ടാങ്കറിന് അജ്ഞാത വസ്തു ഇടിച്ചതായും ബ്രിട്ടീഷ് സമുദ്രവ്യാപാര നിരീക്ഷണ ഏജൻസി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |