
ന്യൂഡൽഹി: ഇന്ത്യക്ക് അധിക തീരുവ ചുമത്തുമെന്ന ഭീഷണിക്കിടെയും ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ചർച്ചകൾ തുടരുന്നതിനിടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. വ്യാപാരം, പ്രതിരോധം, ഊർജ്ജം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങളും ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും ചർച്ചയായി. ബന്ധം കൂടുതൽ ശക്തമാക്കാൻ തുടർച്ചയായ ആശയവിനിമയം നടത്താനും ധാരണയായി.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ ഭരണകൂടത്തിന് അധികാരം നൽകുന്ന നിയമം ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് ഇരുവരും സംസാരിച്ചത്.
യു.എസ് നടപടികൾ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാമെന്ന് ഇന്ത്യ നേരത്തെ വാഷിംഗ്ടണെ അറിയിച്ചിരുന്നു. ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ സെപ്തംബർ 29 മുതൽ ഒക്ടോബർ 5 വരെ യു.എസിലുണ്ട്. യു.എസ് ഉദ്യോഗസ്ഥരുമായും വ്യാപാരമേഖലയിലെ പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തുകയാണ്. പ്രതിരോധവും ഊർജവും നിർണായക സാങ്കേതികവിദ്യകളും ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം വ്യാപാരബന്ധത്തിലെ തടസങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |