
നാശംവിതച്ച് അക്രമികൾ തെരുവുയുദ്ധം വ്യാപക കൊള്ള തീവയ്പ്
പാരീസ്: ജെൻ ആൽഫ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭം വിലക്കയറ്റത്തിന്റെ പേരിലെ കലാപത്തിലേക്ക് ഗതിമാറിയതോടെ ഫ്രാൻസിൽ യുദ്ധ സമാനമായ അന്തരീക്ഷം. ശനിയാഴ്ച വിദ്യാർത്ഥി സംഘടനകളും വിവിധ തൊഴിലാളി യൂണിയനുകളും കൂട്ടായ്മകളും സംയുക്തമായി പ്രക്ഷോഭത്തിനിറങ്ങിയതോടെ ഫ്രഞ്ച് നഗരങ്ങൾ യുദ്ധക്കളമായി. പ്രക്ഷോഭം സമാധാനപരമായാണ് തുടങ്ങിയത്. എന്നാൽ മുഖംമൂടി ധരിച്ചെത്തിയ തീവ്ര ഇടതുപക്ഷ ഗ്രൂപ്പ് അംഗങ്ങളും മോഷ്ടാക്കളും ചേർന്ന് അക്രമം അഴിച്ചുവിട്ടു.
നഗരസഭാ ഹാളുകളിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുന്നിൽക്കണ്ടതെല്ലാം തല്ലിത്തകർത്തു. സർക്കാർ കെട്ടിടങ്ങളും വാഹനങ്ങളും കടകളും കത്തിച്ചു. ആഡംബര ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകൾ കൊള്ളയടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണവുമുണ്ടായി. പൊലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. 600 ലേറെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 2,000 ത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. പാരീസിൽ പ്രക്ഷോഭത്തിനിടെ ഒരാൾ ഹൃദയസ്തംഭനം മൂലം മരിച്ചു.
അദ്ധ്യാപക ക്ഷാമം, സ്കൂളുകളിലെ മോശം സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സെപ്തംബറിൽ പാരീസിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും തൊഴിലാളി യൂണിയനുകളും വിവിധ സംഘടനകളും ചേർന്നതോടെ പ്രക്ഷോഭത്തിന്റെ സ്വഭാവം മാറി. രൂക്ഷ വിലക്കയറ്റം, ഇന്ധന പ്രതിസന്ധി, ബഡ്ജറ്റ് നയങ്ങൾ, മോശം പൊതുസേവനങ്ങൾ തുടങ്ങിയവ ഉന്നയിച്ചാണ് ശനിയാഴ്ച അഞ്ച് ലക്ഷത്തിലേറെ പേർ തെരുവിലിറങ്ങിയത്.
# ആപ്പിൾ സ്റ്റോർ കൊള്ളയടിച്ചു
പാരീസ്, ലിയോൺ, മാർസേയ്, ബോർഡോ തുടങ്ങിയ പ്രധാന നഗരങ്ങളെ ബാധിച്ചു. സൂപ്പർ മാർക്കറ്റുകളടക്കം കടകളും ബോർഡോയിൽ ലൂയി വീറ്റൺ സ്റ്റോറും ലീലിൽ ആപ്പിൾ സ്റ്റോറും കൊള്ളയടിച്ചു. ലീലിൽ മക്‌ഡൊണാൾഡ്സിന് തീയിട്ടു
ലിമോഷിൽ 143 വർഷം പഴക്കമുള്ള ലോക യുദ്ധങ്ങളെ അതിജീവിച്ച ടൗൺ ഹാൾ കത്തിച്ചു. ഗോപുരവും മേൽക്കൂരയും തകർന്നു. ലിയോണിൽ ടൂറിസ്റ്റ് ഓഫീസും കത്തി. മാർസേയ്‌യിൽ നഗരസഭാ ഓഫീസ് തകർത്തു
ദേശവ്യാപക പ്രക്ഷോഭങ്ങൾക്ക് വിദ്യാർത്ഥി സംഘടനകളും മറ്റും ഓൺലൈനിൽ ആഹ്വാനം ചെയ്തു. ഇന്നലെ പ്രതിഷേധങ്ങൾ പ്രാദേശിക തലത്തിലായിരുന്നതിനാൽ പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാനായി
# കുടിയേറ്റം നിയന്ത്രിക്കണം: ട്രംപ്
കലാപത്തിന് പിന്നിൽ അനിയന്ത്രിത കുടിയേറ്റമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൃദയത്തിൽ വെറുപ്പുള്ള ആളുകൾ മഹത്തായ രാജ്യത്തെ തകർത്തു. കാര്യങ്ങൾ കൈവിട്ടുപോകുംമുന്നേ അതിർത്തികൾ അടച്ച് നിയന്ത്രണം ഏറ്റെടുക്കണമെന്നും പറഞ്ഞു. പാശ്ചാത്യ ലിബറൽ നയങ്ങളെ കുറ്റപ്പെടുത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും രംഗത്തെത്തി.
# കലാപത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബൗഡ് ആണ്.
- സെബാസ്റ്റ്യൻ ലെകർനു,
പ്രധാനമന്ത്രി, ഫ്രാൻസ്
# രാജ്യത്ത് അക്രമം അനുവദിക്കില്ല. പ്രതികളെ ശിക്ഷിക്കും.
- ഇമ്മാനുവൽ മാക്രോൺ,
പ്രസിഡന്റ്, ഫ്രാൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |