
ടെൽ അവീവ്: ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് അറബ് പാർട്ടികളെ ഒപ്പം നിറുത്തി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷത്ത് സമ്മർദ്ദം ശക്തം. 120 അംഗ പാർലമെന്റിൽ (നെസെറ്റ്) 61 സീറ്റാണ് കേവല ഭൂരിപക്ഷം. നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് 53 സീറ്റുണ്ട്. യാഷർ പാർട്ടി നേതാവും മുൻ ആർമി തലവനുമായ ഗാഡി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിനാകട്ടെ 48 സീറ്റും.
രണ്ടു സഖ്യത്തിലും പെടാത്ത അറബ് പാർട്ടികൾക്ക് 19 സീറ്റാണുള്ളത്. നെതന്യാഹുവിനെ പുറത്താക്കാൻ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് അറബ് പാർട്ടികൾ. പ്രതിപക്ഷം അറബ് പാർട്ടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളുടെയും മിതവാദികളുടെയും പ്രതിഷേധ ക്യാമ്പയിൻ തുടങ്ങി. ഇന്നലെ ഐസൻകോട്ടിന്റെ വസതിക്ക് മുന്നിൽ ഇവർ പ്രതിഷേധം നടത്തി. 'പങ്കാളിത്തമില്ലാതെ യാതൊരു മാറ്റവും സംഭവിക്കില്ല"എന്നാണ് അവരുടെ അവകാശവാദം.
പ്രതിപക്ഷത്തെ ഇടതുപക്ഷ പാർട്ടികളും അറബ് പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നു. അതേസമയം സർക്കാർ രൂപീകരണത്തിന് നെതന്യാഹു പക്ഷം രഹസ്യ ചർച്ചകൾ ശക്തമാക്കി. പ്രതിപക്ഷത്തുള്ള വലതുപക്ഷവാദികളെ അടർത്തിയെടുക്കാനാണ് ശ്രമം.
# ആശയങ്ങൾ പലത്
1. അറബ് സഹകരണം മദ്ധ്യ, വലതുപക്ഷ സയണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം ആശയപരമായി യോജിച്ചതല്ല. സഹകരിച്ചാൽ, ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്ന് ആരോപണമുയരാം. സഹകരിച്ചില്ലെങ്കിൽ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പിന് സാദ്ധ്യത
2. അറബ് പിന്തുണയിൽ പ്രതിപക്ഷം അധികാരത്തിൽ വന്നാലും എത്രമാത്രം സ്ഥിരതയുണ്ടാകുമെന്നത് ചോദ്യ ചിഹ്നം. ഇടതു, വലതുപക്ഷങ്ങൾ അടങ്ങിയ, ആശയപരമായ വിയോജിപ്പുകളുള്ള പാർട്ടികൾ ചേർന്നതാണ് പ്രതിപക്ഷ നിര. ഇത് പൊട്ടിത്തെറികൾക്ക് ഇടയാക്കാം. ഗാസ അടക്കം വിഷയങ്ങളിൽ അറബ് പാർട്ടികളുടെ നിലപാടും പ്രതിസന്ധിയിലാക്കും
# നിലപാട് മാറ്റുമോ ഐസൻകോട്ട് ?
അറബ് പാർട്ടികൾ തന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നവ അല്ലെന്നും അവരെ സർക്കാരിന്റെ ഭാഗമാക്കില്ലെന്നുമാണ് ഐസൻകോട്ട് മുമ്പ് പറഞ്ഞത്. ഇസ്രയേലിനെ ജൂത, ജനാധിപത്യ രാഷ്ട്രമായും ഹമാസിനെ ഭീകര സംഘടനയായും അംഗീകരിക്കുന്നവർ മതി സർക്കാരിൽ എന്നും ഐസൻകോട്ട് പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |